പോട്ട ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ചു, ആളപായമില്ല
text_fieldsപോട്ടയിൽ കാറിലെ തീയണക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന
ചാലക്കുടി: ദേശീയപാതയിൽ പോട്ട പനമ്പിള്ളി ജങ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് കാറിന് തീപിടിച്ചു. ദേശീയപാതയിൽ തൃശൂരിൽനിന്ന് ചാലക്കുടിയിലേക്ക് പോകുന്ന ട്രാക്കിലാണ് ഞായറാഴ്ച ഉച്ചക്ക് 12.40ഓടെ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചത്.
ജങ്ഷനിൽ ഒരു വാഹനം റോഡ് മുറിച്ചു കടന്നതിനെ തുടർന്ന് മറ്റ് വാഹനങ്ങൾ ബ്രേക്കിട്ടതോടെ കൂട്ടിയിടിച്ചു. തുടർന്നുണ്ടായ ആഘാതത്തിൽ ഒരു കാറിന് തീപിടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പിങ്ക് പൊലീസ് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഉടൻ ചാലക്കുടിയിൽനിന്ന് ഫയർഫോഴ്സെത്തി തീയണച്ചു.
നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുകയായിരുന്ന തൃശൂർ പഴയന്നൂർ കൊണ്ടോട്ടി സൗത്ത് സ്വദേശി ശ്രീരാഗം വീട്ടിൽ വിനോദും കുടുംബവും ആണ് അപകടത്തിൽപ്പെട്ടത്. വാഹനാപകടത്തെ തുടർന്ന് എല്ലാവരും വാഹനത്തിൽനിന്ന് പുറത്തേക്കിറങ്ങി നിൽക്കുന്ന സമയത്താണ് വണ്ടി കത്തിയത്. അതുകൊണ്ട് ആളപായമില്ല.
ഇവർ മറ്റൊരു വാഹനത്തിൽ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. ചാലക്കുടി ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി. അനീഷിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ എ.വി. രെജു, യു. ജിതേഷ്, അനിൽ മോഹൻ, അഖിൽ ആർ. നായർ, വിൻസി ഡേവിസ് എന്നിവർ ചേർന്നാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

