ഇനി വോട്ട് ചെയ്യാനാവില്ല; പോളിങ് ഉദ്യോഗസ്ഥർക്ക് ഹരജി നൽകാം
text_fieldsകൊച്ചി: വോട്ട് നിഷേധിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ സർക്കാർ ജീവനക്കാർക്ക് ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഇനി വോട്ട് ചെയ്യാനാവില്ലെങ്കിലും നേരിയ വിജയം നേടിയ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തുലാസിലാക്കാൻ സാധിക്കും. വോട്ടുകൾ വ്യാപകമായി നിഷേധിക്കപ്പെട്ടതിൽ ജീവനക്കാരിലും സംഘടനകൾക്കിടയിലുമുള്ള അമർഷം തെരഞ്ഞെടുപ്പ് ഹരജികളായി പ്രവഹിക്കുമെന്നാണ് കരുതപ്പെടുന്നത്. നൂറിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രം സ്ഥാനാർഥി വിജയിക്കുന്ന മണ്ഡലങ്ങളിലെ അന്തിമ തെരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തിൽ ഈ ഹരജികൾ വലിയ ഭീഷണിയാകും.
വോട്ടവസരം നിഷേധിക്കപ്പെട്ടവർക്ക് വോട്ടെണ്ണലിന് മുമ്പ് തെരഞ്ഞെടുപ്പ് കമീഷൻ അവസരം നൽകാത്തതും ബന്ധപ്പെട്ട ഹരജികൾ ഇനി വോട്ടെണ്ണലിനുശേഷം മേയ് 22ന് മാത്രമേ ഹൈകോടതിയുടെ പരിഗണനക്കെത്തൂവെന്നതുമാണ് ഉദ്യോഗസ്ഥരായ വോട്ടർമാർക്ക് തിരിച്ചടിയായത്. ഇനി വോട്ട് ചെയ്യാൻ ഇവർക്ക് അവസരമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഭൂരിപക്ഷം നോക്കാതെ തന്നെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കോടതിയിൽ ചോദ്യം ചെയ്ത് ഈ അവകാശമെങ്കിലും പരമാവധി വിനിയോഗിക്കണമെന്ന നിർദേശം സർവിസ് സംഘടനകൾക്ക് മുന്നിൽ ജീവനക്കാർ ഉയർത്തിയിട്ടുണ്ട്.
പോളിങ് ഉദ്യോഗസ്ഥരായ ജീവനക്കാർക്ക് വോട്ടവകാശം നഷ്ടപ്പെടാത്തവിധം സൗകര്യങ്ങളൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ബാലറ്റ് പേപ്പറുകൾ കൃത്യമായി ലഭ്യമാക്കാത്തതിനാൽ സംവിധാനം പലയിടത്തും പാളി. 22,000 മുതൽ 35,000 വരെ അർഹരായ ഉദ്യോഗസ്ഥർക്കാണ് ഇത്തവണ പോസ്റ്റൽ വോട്ട് നഷ്ടമായതെന്നാണ് വിവിധ സർവിസ് സംഘടനകളുടെ ആരോപണം. വോട്ടവകാശം നിഷേധിച്ചത് ചോദ്യം ചെയ്ത് മൂന്ന് സർവിസ് സംഘടനകളാണ് കോടതിയെ സമീപിച്ചത്.
കോടതി ഇടപെടലിന് പിന്നാലെ, പരമാവധി പേർക്ക് ബാലറ്റ് പേപ്പർ നൽകാനും വോട്ടിങ്ങിന് അവസരമൊരുക്കാനും സാധിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഹൈകോടതിയിലെ വിശദീകരണം. ഈ വിശദീകരണം രേഖപ്പെടുത്തുകയും കൂടുതൽ പേർക്ക് അവകാശം വിനിയോഗിക്കാൻ അവസരം നൽകണമെന്ന് നിർദേശിക്കുകയും ചെയ്ത കോടതി, ഹരജികൾ മേയ് 22ലേക്ക് മാറ്റുകയായിരുന്നു.
ഹരജികൾ മേയിൽ പരിഗണനക്കെടുത്താലും തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുമെന്നതിനാൽ കോടതിയുടെ കൂടുതൽ ഇടപെടലിന് സാധ്യതയില്ല. എന്നാൽ, വോട്ട് ചെയ്യാൻ അവകാശമുണ്ടായിട്ടും അധികൃതരുടെ വീഴ്ചമൂലം സാധിച്ചില്ലെന്ന് മാത്രമല്ല, ഇത് തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നുകൂടി തെളിയിക്കാനായാൽ തെരഞ്ഞെടുപ്പ് റദ്ദാക്കുന്ന ഉത്തരവുണ്ടാകാൻ വരെ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

