സ്ത്രീകളെ അടിച്ചാക്ഷേപിക്കുന്നതിനോട് മിണ്ടാതിരിക്കാനാകില്ല; കാന്തപുരത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പി.കെ. ശ്രീമതി
text_fieldsകണ്ണൂർ:കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനക്കെതിരെ വീണ്ടും ശക്തമായി ആഞ്ഞടിച്ച് സി.പി.എം നേതാവ് പി.കെ. ശ്രീമതി.സ്ത്രീസമൂഹത്തെ ആകെ അടച്ചാക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകൾ കണ്ടില്ലെന്ന് നടിക്കാനോ ഇതിനോട് മൗനം പാലിക്കാനോ തനിക്കോ ഇന്ത്യയിലെ മറ്റ് സ്ത്രീകൾക്കോ കഴിയില്ലെന്ന് അവർ വ്യക്തമാക്കി
ഒരു പൊതുസമ്മേളനത്തിൽ അവിചാരിതമായി വന്നുപോയ വാക്കുകളല്ല ഇതെന്നും, ആരോ അദ്ദേഹത്തെക്കൊണ്ട് മനപ്പൂർവ്വം പറയിപ്പിച്ചതാകാനാണ് സാധ്യതയെന്നും ശ്രീമതി ചൂണ്ടിക്കാട്ടി.വിമർശനങ്ങൾ ഉയർന്ന ശേഷവും അദ്ദേഹം തന്റെ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്.
സ്ത്രീകൾ അടുക്കളക്കകത്ത് അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും, അവർ പൊതുവേദികളിൽ ഇറങ്ങി പ്രവർത്തിക്കുന്നത് സമൂഹത്തിന് വലിയ നാശമുണ്ടാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീകളെ ഇങ്ങനെ നിരത്തിൽ കൊണ്ടുവന്ന് എക്സിബിഷൻ പോലെ പ്രദർശിപ്പിക്കരുതെന്നും അദ്ദേഹം പറയുകയുണ്ടായി.ഇത് സ്ത്രീകളെ അങ്ങേയറ്റം തരംതാഴ്ത്തുന്ന പരാമർശങ്ങളാണ്.
രാജ്യത്തെ 145 കോടിയോളം വരുന്ന ജനങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെയുള്ളവർ വോട്ട് അവകാശമുള്ള ഇന്ത്യൻ പൗരന്മാരാണ്.
വോട്ട് ചെയ്യുന്നതിലൂടെ അവർ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സഞ്ചരിക്കാനും, സംസാരിക്കാനും, ഇഷ്ടമുള്ള വേഷം ധരിക്കാനും, മൗലികമായ വിദ്യാഭ്യാസത്തിനും, ആരോഗ്യ സംരക്ഷണത്തിനുമുള്ള അവകാശങ്ങൾ അവർക്കുണ്ട്.
സ്വന്തം ആചാരങ്ങൾ ചൂണ്ടിക്കാണിച്ച് പൗരന്മാരുടെ ഈ മൗലികാവകാശങ്ങൾ നിഷേധിക്കാൻ ഒരു മതവിഭാഗത്തിനും അവകാശമില്ലെന്നും, അങ്ങനെ ചെയ്യുന്നത് ഭരണഘടനയോടുള്ള കൂറില്ലായ്മയാണെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. സ്ത്രീ-പുരുഷ സമത്വത്തിനും അവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു വലിയ പ്രസ്ഥാനത്തിന്റെ പ്രവർത്തക എന്ന നിലയിൽ ഇത്തരം അവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കുക എന്ന നിലപാട് തന്നെയായിരിക്കും താൻ സ്വീകരിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.
ആര്‍.എസ്.എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമായാണ് കാന്തപുരത്തിന്റെ പ്രതികരണം എന്ന് ശ്രീമതി വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങി ജീവിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം താമസിക്കുന്ന കോഴിക്കോട് ജില്ലയില്‍ തന്നെയല്ലേ ഇസ്‌ലാം മതത്തില്‍ നിന്നുള്ള പെണ്‍കുട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എ ആയതെന്ന് അവർ ചോദിച്ചു.
കാന്തപുരത്തിന്റെ പ്രതികരണത്തിനെതിരെ ആദ്യം മുതൽക്കുതന്നെ കടുത്ത നിലപാടാണ് സി.പി.എം സ്വീകരിച്ചുവരുന്നത്. നേരത്തെ എ.എൻ. ഷംസീറും ശൈലജ ടീച്ചറും വിമർശനവുമായി എത്തിയിരുന്നു. മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുതെന്നായിരുന്നു ഷംസീർ എഫ്.ബിയിൽ കുറിച്ചത്.
സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്നായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം.
ഇന്ന് കേരളത്തിൽ മുസ്ലിം സ്ത്രീകള്‍ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ്. അവരിൽ എം.എൽ.എമാരും മുന്‍സിപ്പൽ ചെയർപേഴ്സൺമാരും പഞ്ചായത്ത് പ്രസിഡന്‍റുമാരും മറ്റ് ജനപ്രതിനിധികളുമുണ്ട്. ജഡ്‌ജിമാരും വക്കീലന്മാരും ഡോക്ടർമാരും അധ്യാപകരും ടെക്‌നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട്.
അവർ പൊതു സ്ഥലങ്ങളിൽ ഒത്തുചേരുകയും മീറ്റിങ്ങുകളിൽ വേദി പങ്കെടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ല എന്നും അവർ പറഞ്ഞു.
അതേസമയം, ഇന്ത്യയെന്ന മതേതര രാജ്യത്ത് അവരവരുടെ മതം പറയാനും പ്രചരിപ്പിക്കാനുമുള്ള അവകാശം എല്ലാ പൗരർക്കും ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

