
സ്ഥാനാര്‍ഥി നിര്‍ണയം: പൊന്നാനിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ കൂട്ടരാജി നല്‍കി
text_fieldsപൊന്നാനി (മലപ്പുറം): നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പി. നന്ദകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള പാർട്ടി തീരുമാനത്തിനെതിരെ സി.പി.എമ്മിൽ വ്യാപക പ്രതിഷേധം. സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി പാർട്ടി അംഗങ്ങൾ രാജിവെച്ചു.
പൊന്നാനി ലോക്കൽ കമ്മിറ്റിയിലെ മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടി.കെ. മഷ്ഹൂദ്, ലോക്കൽ കമ്മിറ്റിയംഗം എം. നവാസ്, എരമംഗലം ലോക്കൽ കമ്മിറ്റിയിലെ നാക്കോല ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റിയംഗവുമായ നവാസ് നാക്കോല, താഴത്തേൽപടി ബ്രാഞ്ച് സെക്രട്ടറി അനിരുദ്ധൻ കുവ്വക്കാട്ട്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി. അശോകൻ, ബിജു കോതമുക്ക്, വെളിയങ്കോട് ലോക്കൽ കമ്മിറ്റിയിലെ പത്തുമുറി ബ്രാഞ്ച് സെക്രട്ടറി എം.എം. ബാദുഷ, തണ്ണിത്തുറ ബ്രാഞ്ച് സെക്രട്ടറി വി.എം. റാഫി തുടങ്ങിയവർ ഇതിനോടകം നേതൃത്വത്തിന് രാജികൈമാറി. വരുദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ഇതിന് പുറമെ പൊന്നാനി നഗരസഭയിലെ 22 പാർട്ടി അംഗങ്ങളും പെരുമ്പടപ്പ് ലോക്കൽ കമ്മിറ്റിയിലെ 11, മാറഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ നാല് പാർട്ടി അംഗങ്ങളും രാജിസമർപ്പിച്ചിട്ടുണ്ട്. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി മേഖലയിൽനിന്നുള്ള പാർട്ടി ജനപ്രതിനിധികളും രാജിവെക്കുമെന്ന ഭീഷണിയും പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വെളിയങ്കോട് ഗ്രാമപഞ്ചായത്തംഗം താഹിർ ഉൾപ്പെടെയുള്ളവരും പങ്കെടുത്തിരുന്നു. സി.ഐ.ടി.യു നേതാവ് പി. നന്ദകുമാറിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെയാണ് പൊന്നാനിയിൽ സി.പി.എം അണികൾക്കിടയിൽ വ്യാപകപ്രതിഷേധം ഉയർന്നിട്ടുള്ളത്. സി.പി.എം ജില്ല സെക്രേട്ടറയേറ്റംഗം ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാണ് സി.പി.എം അണികളുടെ പൊതുവികാരം. സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് നിലവിലെ എം.എൽ.എ. അദ്ദേഹത്തിന് വീണ്ടും സീറ്റ് നൽകാത്തതിനാലാണ് പുതിയ സ്ഥാനാർഥിയെ തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
