രാഷ്ട്രീയച്ചൂടിൽ വെന്തുരുകി; ഉള്ളുരുകി
text_fieldsരാജൻ ജെ.പല്ലൻ, പത്മജ വേണുഗോപാൽ, ആലങ്കോട് ലീലാകൃഷ്ണൻ
ത്രികോണപ്പോരിൽ തൃശൂർ
ഏറ്റവും വലിയ ത്രികോണപ്പോര് തൃശൂർ മണ്ഡലത്തിൽ തന്നെ. ലീഡർ കെ. കരുണാകരന്റെ മക്കളെ തുണക്കാത്ത മണ്ഡലം എന്നൊരു അപകീർത്തി കൂടി തൃശൂരിനുണ്ട്. കെ. മുരളീധരനെയും പത്മജയെയും മാറിമാറി തോൽപിച്ച ചരിത്രം!. തൃശൂർ കോർപറേഷനിൽ തന്നെയാണ് തൃശൂർ നിയോജക മണ്ഡലവും. കോർപറേഷനിലെ ഏതാനും ഡിവിഷനുകൾ ഒല്ലൂർ മണ്ഡലത്തിലാണ്.
സി.പി.ഐയുടെ സിറ്റിങ് സീറ്റിൽ പി. ബാലചന്ദ്രനെ മാറ്റി എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണനെയാണ് എൽ.ഡി.എഫ് ഇറക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറിയ പത്മജ വേണുഗോപാലാണ് ബി.ജെ.പി സ്ഥാനാർഥി. മുൻ മേയറും കോൺഗ്രസ് നേതാവുമായ രാജൻ ജെ. പല്ലനാണ് യു.ഡി.എഫ് സ്ഥാനാർഥി. 946 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് 2021ൽ സി.പി.ഐ ഇവിടെ വിജയിച്ചത്. അന്ന് പത്മജ കോൺഗ്രസ് സ്ഥാനാർഥിയും സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാർഥിയും ആയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പോടെ മണ്ഡലസമവാക്യങ്ങൾ തെറ്റി. ബി.ജെ.പി വലിയ കുതിച്ചുകയറ്റം നടത്തി. എന്നാൽ, തദ്ദേശത്തിൽ കോൺഗ്രസ് മിന്നുംവിജയം കാഴ്ചവെച്ചു. യു.ഡി.എഫ് വിജയിച്ച 33 ഡിവിഷനിലും കോൺഗ്രസ് സ്ഥാനാർഥികൾ തന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ കോൺഗ്രസ് ഒറ്റക്കാണ് കോർപറേഷൻ ഭരിക്കുന്നത്.
കോർപറേഷനിലെ വിജയത്തിന്റെ തുടർച്ച നിയമസഭ തെരഞ്ഞെടുപ്പിലും അവർ പ്രതീക്ഷിക്കുന്നു. ക്രിസ്ത്യൻ വോട്ടുകൾ തുണക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ലോക്സഭയിലെ വിജയത്തുടർച്ച ആവർത്തിക്കുമെന്ന് ബി.ജെ.പിയും കണക്കുകൂട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തരേന്ത്യയിലെ അഘോരി സന്യാസിമാർ എന്നിവരൊക്കെ തൃശൂരിൽ പ്രചാരണത്തിന് തമ്പടിച്ചിട്ടുണ്ട്. ഇത്രമേൽ രാഷ്ട്രീയ മത്സരം അരങ്ങേറുമമ്പോഴും എൽ.ഡി.എഫ് മത്സരത്തെ ലാഘവത്തോടെ കാണുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
മറിയുമോ മണലൂർ
സി.പി.എമ്മിലെ മുരളി പെരുനെല്ലി 2021ൽ 29,876 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറിയ മണ്ഡലമാണ് മണലൂർ. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ മണലൂർ നോട്ടമിട്ടിരുന്നു. അദ്ദേഹം യു.ഡി.എഫ് സ്ഥാനാർഥിയായി ആദ്യംതന്നെ പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. തുടർന്ന് എൽ.ഡി.എഫ് സിറ്റിങ് എം.എൽ.എയെ മാറ്റാൻ നിർബന്ധിതരായി. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെയാണ് പകരം രംഗത്തിറക്കിയത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാറാണ് എൻ.ഡി.എ സ്ഥാനാർഥി.
ഗുരുവായൂർ നഗരസഭയിൽ എൽ.ഡി.എഫ് പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ട തൈക്കാട് ഡിവിഷനും ഒമ്പത് പഞ്ചായത്തുകളും അടങ്ങുന്നതാണ് മണ്ഡലം. ഇതിൽ ആറ് പഞ്ചായത്തുകൾ എൽ.ഡി.എഫും മൂന്നെണ്ണം യു.ഡി.എഫുമാണ് ഭരിക്കുന്നത്. മണ്ഡലത്തിൽ വരുന്ന മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫാണ്.
നാട്ടിക നാടകം
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ്തന്നെ രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞ സംവരണ മണ്ഡലമാണ് നാട്ടിക. സീറ്റ് നിഷേധിച്ചതിലൂടെ സിറ്റിങ് എം.എൽ.എ സി.സി. മുകുന്ദൻ സി.പി.ഐ വിട്ടിരുന്നു.
കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ ഡൽഹിയിൽ പോയി ഹൈകമാൻഡിനെ കാണാൻ കാത്തുകിടന്നെങ്കിലും സാധിക്കാതെ വന്നതോടെ തിരിച്ചെത്തി ബി.ജെ.പിയിൽ ചേർന്ന് സ്ഥാനാർഥിയായി.
മുൻ എം.എൽ.എ ഗീതാ ഗോപിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിന്റെ യുവമുഖം സുനിൽ ലാലൂരും രംഗത്തുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിൽ 41.8 ശതമാനം വോട്ട് നേടി ബി.ജെ.പി ഇവിടെ ഒന്നാമതെത്തിയിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും കുതിച്ചുകയറി. ബി.ജെ.പി മൂന്നാമതായി. മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ നാലുവീതം എൽ.ഡി.എഫും യു.ഡി.എഫും ഭരിക്കുമ്പോൾ ആർക്കും ഭൂരിപക്ഷമില്ലാത്ത പാറളം പഞ്ചായത്ത് ബി.ജെ.പിയുടെ കൈകളിലുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

