ബജറ്റിൽ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രം; വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിലുള്ളത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
വിഭവ സമാഹരണത്തിന് വ്യക്തമായ വഴികളില്ലാതെയാണ് പല പദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ പദ്ധതികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കടത്തിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ട ബജറ്റാണിത്. സംസ്ഥാനത്ത് നിലനിൽക്കുന്ന സാമ്പത്തികാവസ്ഥയെയും സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളെയും യാഥാർഥ്യ ബോധത്തോടെ അഭിമുഖീകരിക്കുന്നതിൽ ബജറ്റ് പരാജയമാണ്. എവിടെ നിന്ന് പണം എന്ന അടിസ്ഥാന ചോദ്യത്തിന് യുക്തിസഹമോ നവീനമോ ആയ ഉത്തരം കണ്ടെത്തുന്നതിൽ സംസ്ഥാന സർക്കാരിന്റെ പരാജയം തുറന്നു പ്രഖ്യാപിക്കുകയാണ് ധനമന്ത്രി ചെയ്‌രിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചുവെന്നും ധനമന്ത്രി സമ്മതിക്കുന്നു. ഈ വർഷം മാത്രം 17,000 കോടി രൂപയുടെ കുറവ് വരുമാനത്തിലുണ്ടായിട്ടും കടമെടുപ്പിനെ ആശ്രയിച്ച് മാത്രം വീണ്ടും വാഗ്ദാനങ്ങൾ നൽകുന്നത് സർക്കാരിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. കിഫ്ബി വഴി 96,554 കോടിയുടെ പദ്ധതികൾ അനുവദിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 24,734 കോടിയുടെ പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കിയത്. ഇത് തെളിയിക്കുന്നത് വാഗ്ദാനങ്ങളിലെയും അവകാശവാദങ്ങളിലെയും കാപട്യമാണ്.
പാർശ്വവൽകരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ തുടർച്ചയായി പരാജയപ്പെടുകയാണ്. ബജറ്റിലെ ആശ്വാസ പ്രഖ്യാപനങ്ങളിൽ പലതിനും കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ജനകീയ മുന്നേറ്റങ്ങളുമായും സമരങ്ങളുമായും ബന്ധമുണ്ട്. ന്യായമായ വിവിധ ആവശ്യങ്ങൾ മുൻനിർത്തി ജനങ്ങൾ സർക്കാരിനെ സമീപിച്ചപ്പോൾ അത്തരം ആവശ്യങ്ങളോട് മുഖം തിരിക്കുകയും പലപ്പോഴും സമരങ്ങളെയും കൂട്ടായ്മകളെയും അപകീർത്തിപ്പെടുത്തുകയും ചെയ്തവരാണ് ഇടതുസർക്കാർ. ആവശ്യങ്ങൾ അംഗീകരിക്കേണ്ട ഘട്ടങ്ങളിൽ അതിനോട് മുഖം തിരിക്കുകയും എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആവശ്യങ്ങൾ അംഗീകരിച്ചതായി വരുത്തിത്തീർക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നല്ലപിള്ള ചമയാം എന്നാണ് സർക്കാർ കരുതുന്നത്. സർക്കാരിന്റെ ഈ വഞ്ചനാപരമായ നിലപാട് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
നടപ്പിലാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ നൽകിയും അടിസ്ഥാന ജനതയുടെ വികസനത്തെ അവഗണിച്ചും ജനങ്ങളെ വഞ്ചിക്കുന്ന വെറും പ്രഖ്യാപനങ്ങൾ മാത്രമായി ഫലത്തിൽ ബജറ്റ് മാറിയിരിക്കുകയാണെന്നും റസാഖ് പാലേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

