ജിനേഷിന്‍റെ ദുരൂഹ മരണം, രേഷ്മയുടെ ആത്മഹത്യ: ബ്ലേഡ് മാഫിയക്ക് ബന്ധമെന്ന്, ‘ഇരുവരും മാസങ്ങൾക്കുമുമ്പ് വന്ന് കണ്ടു, വല്ല സഹായവും കിട്ടുമോയെന്ന് അന്വേഷിച്ചു...’
text_fieldsതാമരശ്ശേരി: വയനാട് സുൽത്താൻ ബത്തേരി കോളിയാടി പെലക്കുത്തു വീട്ടിൽ ജിനേഷ് സുകുമാരൻ (38) ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിലും പിന്നീട് ഭാര്യ രേഷ്‌മ (34) ജീവനൊടുക്കിയതിലും ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും താമരശ്ശേരി സ്വദേശിയുടെ വെളിപ്പെടുത്തൽ. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് താമരശ്ശേരി ടൗണിൽ ഹോട്ടൽ നടത്തിവരുന്ന ശ്രീഹരിയുടെ വെളിപ്പെടുത്തൽ.
ജിനേഷും ഭാര്യ രേഷ്മയും മാസങ്ങൾക്കുമുമ്പ് തന്നെ വന്നുകണ്ടിരുന്നെന്നും തനിക്ക് ബ്ലേഡ് മാഫിയയിൽനിന്ന് ഉണ്ടായ അനുഭവം അറിഞ്ഞതായും വല്ല സഹായം കിട്ടുമോയെന്ന് അന്വേഷിച്ചാണ് വന്നതെന്നും ശ്രീഹരി പറയുന്നു. ജിനേഷിനെയും ഭാര്യയേയും ബ്ലേഡ് മാഫിയ മർദിക്കുകയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ തന്നോട് പറഞ്ഞിരുന്നതായും ശ്രീഹരി വ്യക്തമാക്കി.
സുഹൃത്ത് വയനാട്ടിൽ ആരോപണവിധേയരായ ബ്ലേഡ് മാഫിയയുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. ഇതിന്റെ പേരിൽ തന്റെ ഭാര്യയുടെ പേരിലുള്ള കാർ ഇവർ ബലമായി കൊണ്ടുപോയി. ഈ സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടർന്ന് കോടതി മുഖാന്തിരം നടപടിയെടുത്തപ്പോഴും പൊലീസ് സഹകരിക്കാൻ തയാറായില്ല. ചുരം കയറിയാൽ തീർത്തുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും ശ്രീഹരി പുറത്തുവിട്ടിട്ടുണ്ട്.
ജിനേഷിനെ ബ്ലേഡ് മാഫിയ ആക്രമിച്ചിരുന്നെന്നും രേഷ്മക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും ഇരുവരുടെയും കുടുംബം മുമ്പ് ആരോപിച്ചിരുന്നു. സുൽത്താൻ ബത്തേരി സ്വദേശികളായ മൂന്നുപേർക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. പലരേയും ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സാമ്പത്തിക ഇടപാടിന്റെ പേരിൽ മകൻ മരിച്ച ശേഷവും രേഷ്മയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

