ബി.ജെ.പി-ആർ.എസ്.എസ് വിരുദ്ധ പോരാട്ടത്തിൽ ‘ഇൻഡ്യ’ക്കൊപ്പം ഉറച്ചുനിൽക്കും -എം.എ. ബേബി
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരായ ഇൻഡ്യ മുന്നണിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടങ്ങളിൽ സി.പി.എം പ്രതിജ്ഞാബദ്ധമായി തുടരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. ദേശീയ രാഷ്ട്രീയത്തിൽ സി.പി.എം പങ്കാളിയായ മൂന്നാം മുന്നണി രൂപപ്പെടാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് എന്ന ഫാഷിസ്റ്റ് സംഘടന നിയന്ത്രിക്കുന്ന ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചുമതലയെന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനായി രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക ശക്തികളുടെയും പരമാവധി വിപുലമായ ഐക്യം കെട്ടിപ്പടുക്കണം. ഈ പൊതുവായ രാഷ്ട്രീയ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതിന്, നിരവധി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുള്ള കോൺഗ്രസ് പോലുള്ള പാർട്ടികളുമായിപ്പോലും സഹകരണം ആവശ്യമാണെന്നാണ് സി.പി.എം വിശ്വസിക്കുന്നത്.
രാഷ്ട്രീയ പോരാട്ടം മാത്രം കൊണ്ട് ലക്ഷ്യം കാണാനാവില്ലെന്നും ആർ.എസ്.എസ് തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്ന സാംസ്കാരിക, പ്രത്യയശാസ്ത്ര മേഖലകൾ ഉൾപ്പെടെ എല്ലാ തലങ്ങളിലും ശക്തമായ പോരാട്ടം നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ ഈ വലിയ പോരാട്ടത്തിൽ ഇൻഡ്യ മുന്നണിയുടെ ബന്ധപ്പെട്ട സമരങ്ങളുമായും മുൻകൈകളുമായും മുന്നോട്ടുപോകാനാണ് സി.പി.എം തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നപ്പോൾ, ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടി എന്ന നിലയിൽ ടി.വി.കെയെ ക്ഷണിക്കണമെന്ന നിലപാടാണ് സി.പി.എം, സി.പി.ഐ, വി.സി.കെ കക്ഷികൾ സ്വീകരിച്ചത്. ഡി.എം.കെ നേതൃത്വത്തെ അറിയിച്ച ശേഷമാണ് ഈ നിലപാട് എടുത്തത്. എന്നാൽ കോൺഗ്രസ്, ഡി.എം.കെയോട് ഒരു വാക്കുപോലും പറയാതെയാണ് പോയത്. അവർക്ക് മന്ത്രിസ്ഥാനങ്ങൾ വേണമെന്നതായിരുന്നു കാരണം. കോൺഗ്രസ് അധികാരത്തോടുള്ള ‘അമിത അത്യാഗ്രഹമാണ്’ കാണിക്കുന്നതെന്നും ബേബി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

