‘എന്റെ ചോരക്കായി പലരും ഒരുവർഷമായി ദാഹിക്കുന്നു’ -ഭാര്യയെ മർദിച്ച ബി.ജെ.പി നേതാവ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
text_fieldsതൃശൂർ: ഭാര്യയെ മർദിച്ച കേസിൽ പ്രതിയായ ബിജെപി നേതാവ് എ ആർ ശ്രീകുമാർ തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഭാര്യയെ മർദിച്ചെന്ന പരാതിയിൽ മതിലകം പൊലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറി. തന്റെ ചോരക്കായി പലരും ഈ ഒരു വർഷക്കാലമായി ദാഹിക്കുന്നുവെന്ന് രാജിക്കത്തിൽ എ ആർ ശ്രീകുമാർ പറയുന്നു. ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കി തരണമെന്ന് കാണിച്ചാണ് കത്തയച്ചത്.
ഭാര്യ പ്രിയങ്ക ഈ മാസം ഒമ്പതിനാണ് മതിലകം പൊലീസിൽ പരാതി നൽകിയത്. സ്വന്തം വീട്ടിൽ പോയ താൻ മടങ്ങിയെത്താൻ വൈകി എന്ന് ആരോപിച്ച് ഭർത്താവ് ക്രൂരമായി മർദിച്ചുവെന്നും തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു പരാതി. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തെങ്കിലും ശ്രീകുമാർ മുൻകൂർ ജാമ്യം തേടിയതോടെ കേസ് പരിഗണിക്കും വരെ കോടതി താൽക്കാലികമായി അറസ്റ്റ് തടഞ്ഞിരുന്നു.
എ.ആർ ശ്രീകുമാറിനെതിരെ മർദനത്തിന് പരാതി നൽകിയ ഭാര്യക്കും കുടുംബത്തിനും നേരെ ഗുണ്ടയുടെ ഭീഷണിയുണ്ടായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ ഗുണ്ടാ നേതാവ് കല്ലാടൻ ഗിരീഷിനെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രിയങ്ക പരാതി നൽകിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. താൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അജ്ഞാതരായ രണ്ടുപേർ കൂടി എത്തി അമ്മയെ ഭീഷണിപ്പെടുത്തിയതായും പ്രിയങ്ക പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

