കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരണവുമായി ബിഷപ് ജോസഫ് കല്ലറങ്ങാട്ട്: ‘കത്തോലിക്കർ മനുഷ്യക്കടത്തു നടത്തുന്നുണ്ടെങ്കിൽ അത് സ്വർഗത്തിലേക്ക്, ഭരണഘടന അനുസരിച്ചു ജീവിക്കാൻ സ്വാതന്ത്ര്യം വേണം’
text_fieldsകോട്ടയം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ചു ജയിലിൽ അടച്ച സംഭവത്തിൽ പ്രതികരണവുമായി ബിഷപ് ജോസഫ് കല്ലറങ്ങാട്ട്.
ഇത്തരം സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും ഭരണഘടന അനുസരിച്ചു ജീവിക്കാൻ സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു തീർഥാടനകേന്ദ്രത്തിൽ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
‘മനുഷ്യനായി ഈ രാജ്യത്തു താമസിക്കാൻ കഴിയണം. കത്തോലിക്കർ ആരെയും തട്ടിക്കൊണ്ടുപോകുന്നവരോ കടത്തിക്കൊണ്ടുപോകുന്നവരോ അല്ല. മനുഷ്യക്കടത്തു നടത്തുന്നുണ്ടെങ്കിൽ അത് സ്വർഗത്തിലേക്കാണ്. പ്രാർഥനയും സഹനവും സ്വർഗത്തിലേക്കുള്ള പടവുകളാണ്. സഹിച്ചു മടുത്ത ഉടഞ്ഞുപോയ കൂമ്പടഞ്ഞ ഒരു ജീവിതമല്ലായിരുന്നു അൽഫോൻസാമ്മയുടേത്. സ്വർഗത്തിലേക്കുള്ള കോണിപ്പടിയായാണ് അൽഫോൻസാമ്മ സഹനത്തെ കണ്ടത്’ -ബിഷപ് പറഞ്ഞു.
വിവിധ മതങ്ങളിലെ തീവ്രസ്വഭാവമുള്ള സംഘടനകൾ മുൻവിധിയോടെയും ശത്രുതാ മനോഭാവത്തോടെയും വൈകാരികമായി ഇടപെടൽ നടത്തുമ്പോൾ വലിയ സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ട്. കേരളത്തിൽ വിവിധ മതങ്ങൾ തമ്മിൽ ഐക്യമുണ്ടെന്നു പറയുമ്പോഴും ആ പറയുന്നതിൽ വലിയ പൊരുളില്ലാതായിരിക്കുകയാണ്. നമ്മുടെ സഹോദരിമാർ കേരളത്തിനു പുറത്തുപോയി ആക്ഷേപിക്കപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്യുകയാണ്. മഹത്തായ നിയമങ്ങളുള്ള രാജ്യത്ത് ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ വികാരപരമായ വിഷയം മാത്രമല്ല, നിലനിൽപിന്റെ കാര്യം കൂടിയാണിത് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

