ബിരിയാണിക്കും വിലക്കയറ്റത്തിന്റെ `ദം'; ഒരു ബിരിയാണിക്ക് 300 രൂപ വരെ
text_fieldsകോഴിക്കോട്: അരിക്കും കോഴിക്കും വില കൂടിയതിനുപിന്നാലെ ബിരിയാണിക്കും വില കൂടി. 180 മുതൽ 300 രൂപ വരെയാണ് ഒരു സിംഗിൾ ബിരിയാണിക്ക് ഈടാക്കുന്നത്. ദമ്മിടാനുള്ള മൈദക്കും കത്തിക്കാനുള്ള ചിരട്ടക്കും വരെ വില കൂടിയതാണ് ബിരിയാണിയുടെ വില കുത്തനെ ഉയരാന് കാരണം. വില കൂടിയതോടെ ഭക്ഷണപ്രമേികളും കാറ്ററിങ്,ഹോട്ടൽ വ്യാപാരികളും പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടോ മൂന്നോ മാസം മുമ്പ് ഓർഡറുകൾ സ്വീകരിച്ച കാറ്ററിങുകാർ ഇതോടെ നട്ടം തിരിഞ്ഞു. അന്നത്തെ വില ഒരു ബിരിയാണിക്ക് ഈടാക്കേണ്ടി വരും. താരതമ്യേന കോഴിക്കോട് നഗരത്തിൽ ചിക്കന് ഉയർന്ന വിലയാണ്. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഭരണകൂടത്തിന്റെയും സർക്കാറിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് കോഴിക്കോട് കാറ്ററിങ് നേതൃത്വം അറിയിച്ചു.
അതേ സമയം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിച്ച് പലചരക്ക് സാധനങ്ങളുടെ വില കുതിക്കുന്നു. അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലയാണ് വർധിച്ചിരിക്കുന്നത്. എല്ലാ ഇനം അരിക്കും അഞ്ചുമുതൽ 10 രൂപ വരെ കിലോക്ക് വർധിച്ചിട്ടുണ്ട്. അരിവില കൂടുന്നതിന് അനുസരിച്ച് ഹോട്ടൽ ഭക്ഷണ സാധനങ്ങൾ, പലഹാരങ്ങൾ, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവയുടെയും വില വർധിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും ചരക്കു കൂലി കൂടിയതും അരി ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ മഴക്കുറവുമാണ് വിലക്കയറ്റത്തിന് കാരണം. മഴയും ജലസംഭരണികളിലെ ജലനിരപ്പും ഗണ്യമായി കുറഞ്ഞതാണ് ഇതരസംസ്ഥാനങ്ങളിലെ നെൽകൃഷിയെ ബാധിച്ചത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഓണക്കാലത്ത് അരിവില ഇനിയും വർധിക്കുമെന്നും വ്യാപാരികൾ പറയുന്നു. പൊതുവിപണിയിൽ വില കൂടുമ്പോൾ സാധാരണക്കാർ ആശ്രയിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോറുകളിൽ പലപ്പോഴും ആവശ്യത്തിന് സബ്സിഡി അരി ലഭ്യമല്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

