ബംഗളൂരു കുടിയൊഴിപ്പിക്കൽ: സർക്കാർ പുനരധിവാസം വേഗത്തിലാക്കണം -സോളിഡാരിറ്റി
text_fieldsബംഗളൂരു: ബംഗളൂരുവിലെ ഫകീർ കോളനിയിലെയും വസീം ലേയൗട്ടിലെയും കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് കർണാടക സർക്കാർ വാഗ്ദാനം ചെയ്ത പുനരധിവാസം വേഗത്തിലാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. കഴിഞ്ഞ ഡിസംബറിലാണ് നൂറുകണക്കിന് സാധാരണക്കാരായ മനുഷ്യരുടെ ഭവനങ്ങൾ സർക്കാർ ഇടിച്ചു നിരത്തിയതെന്നും തൗഫീഖ് മമ്പാട് വ്യക്തമാക്കി. കുടിയൊഴിപ്പിക്കൽ പ്രദേശങ്ങൾ സന്ദർശിക്കുകയും ഇരകളുമായി സംസാരിച്ചതിനു ശേഷം ഫേസ്ബുക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫേസ്ബുക്കിന്‍റെ പൂർണ രൂപം:
ഞങ്ങളിപ്പോൾ ബംഗളൂരു യെലഹങ്കയിലെ ഫകീർ കോളനിയിലും വസീം ലേഔട്ടിലേയും തകർന്ന് വീണ വീടുകൾക്ക് നടുവിലാണ്. നെഞ്ച് പൊളിക്കുന്ന കാഴ്ചകളാണ് ചുറ്റും. ബുൾഡോസറുകൾ ഇരച്ചുകയറി ആഴ്ചകൾ പിന്നിട്ടിട്ടും ഇന്നും ഉണങ്ങാത്ത മുറിവായി ഈ പ്രദേശം അവശേഷിക്കുന്നു. ഒരു രാത്രി കൊണ്ട് ഇരുന്നൂറോളം വീടുകൾ തകർക്കപ്പെടുകയും ആയിരത്തോളം മനുഷ്യർ തെരുവിലാക്കപ്പെടുകയും ചെയ്ത ആ ഭീകര ദിനത്തിന്റെ ബാക്കിപത്രങ്ങൾ ഇപ്പോഴും നെഞ്ചുപൊള്ളിക്കുന്നതാണ്. തകർക്കപ്പെട്ടത് കേവലം ചുവരുകളല്ല, മറിച്ച് ഈ പാവം മനുഷ്യരുടെ ആയുസ്സിന്റെ വിയർപ്പും സ്വപ്നങ്ങളുമാണ്.
ബംഗളൂരുവിലെ മരവിപ്പിക്കുന്ന കൊടും തണുപ്പിൽ ഇന്നും താർപ്പായകൾക്ക് താഴെയാണ് പല കുടുംബങ്ങളും അന്തിയുറങ്ങുന്നത്. പിഞ്ചുകുഞ്ഞുങ്ങളും ഗർഭിണികളും നിസ്സഹായരായ വൃദ്ധരും ആ പ്ലാസ്റ്റിക് ഷീറ്റിനടിയിൽ തണുത്തുവിറച്ചു കഴിയുന്ന കാഴ്ച ഹൃദയഭേദകമാണ്. വിശപ്പും തണുപ്പും ഒരുവശത്ത്, ഇനിയൊരിക്കൽ കൂടി ബുൾഡോസറുകൾ വരുമോ എന്ന പേടി മറുവശത്ത്. ആ അമ്മമാരുടെ ദൈന്യതയ്ക്ക് മുന്നിൽ ഭരണകൂടങ്ങൾ എത്രമാത്രം ക്രൂരമാകാമെന്നതിന്റെ സാക്ഷ്യപത്രമായി ഈ തെരുവുകൾ മാറുന്നു.
ദുരന്തം നടന്ന സമയത്ത് പ്രതിരോധം തീർത്തും സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ഷബീർ കൊടിയത്തൂർ, ഷബീർ കരുവാട്ടിൽ, ഷാഹിർ സി.പി എന്നിവരോടൊപ്പവും കർണാടക സോളിഡാരിറ്റി നേതാക്കൾക്കൊപ്പവുമാണ് ഞങ്ങൾ ഇന്ന് ഈ പ്രദേശം സന്ദർശിച്ചത്.
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭൂമിയും വീടും തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്ന് ചില പ്രാരംഭ നീക്കങ്ങളും വാഗ്ദാനങ്ങളും ഉണ്ടായെന്നത് ശരിയാണ്. എന്നാൽ അത് പ്രസ്താവനകളിലും വാഗ്ദാനങ്ങളിലും മാത്രം ഒതുങ്ങാതെ പ്രായോഗികമായി നടപ്പിലാക്കാൻ സർക്കാർ വേഗത കാണിക്കണം. രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ നേരിട്ട് ഇടപെടണം.
ഇത് ബി.ജെ.പി ഭരിക്കുന്ന യു.പിയോ അസമോ അല്ലെന്ന് തെളിയിക്കാൻ അർഹമായ പുനരധിവാസം എത്രയും വേഗം ഉറപ്പാക്കുകയാണ് കോൺഗ്രസ് സർക്കാർ ചെയ്യേണ്ടത്.
'ഭൂമി കൈയേറ്റം' എന്ന സാങ്കേതികത്വം പറഞ്ഞ് പാവപ്പെട്ട മനുഷ്യരെ ഒറ്റ നിമിഷം തങ്ങളുടെ കിടപ്പാടം പൊളിച്ച് നീക്കി പെരുവഴിയിലേക്ക് തള്ളിനീക്കുന്നത് ഭരണകൂട ഭീകരതയാണ്. സാധാരണക്കാരന്റെ ജീവിതത്തിന് സുരക്ഷയില്ലാത്ത നിയമങ്ങൾ വെറും ജന്മിത്ത ആയുധങ്ങളാണ്.
അന്യായമായി കുടിയൊഴിപ്പിക്കപ്പെട്ട ഈ മനുഷ്യർക്ക് അർഹമായ നീതി ലഭിക്കുന്നത് വരെ ഈ പോരാട്ടത്തിനൊപ്പം ഉറച്ചു നിൽക്കണം. അധികാരത്തിന്റെ മുന വെച്ച് പാവം മനുഷ്യരെ അടിച്ചമർത്താമെന്ന് ആരും കരുതരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

