ബീഡി-ബിഹാർ പോസ്റ്റ് വിവാദം: ബൽറാമിനെ ചേർത്തുപിടിച്ച് കോൺഗ്രസ്
text_fieldsവി.ടി ബൽറാം
തിരുവനന്തപുരം: ‘ബീഡി ബിഹാർ പോസ്റ്റ്’ വിവാദത്തിൽ സോഷ്യൽ മീഡിയ ചുമതലയുള്ള വി.ടി. ബൽറാമിനെ കൈവിടാതെ കെ.പി.സി.സി.
വിവാദ എക്സ് പോസ്റ്റ് ബൽറാമിന്റെ വീഴ്ചയല്ലെന്നും ഇക്കാര്യം കൈകാര്യം ചെയ്ത സംഘത്തിന് സംഭവിച്ച പിഴവാണെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം രാത്രി ഓൺലൈനിൽ ചേർന്ന കെ.പി.സി.സി നേതൃയോഗം വിഷയം ചർച്ച ചെയ്ത ഘട്ടത്തിൽ വി.ടി. ബൽറാം സംഭവിച്ച കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചതോടെയാണ് നേതൃത്വവും നിലപാടിലേക്കെത്തിയത്.
വിവാദമായ എക്സ് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ വി.ടി. ബൽറാം രാജിവെക്കുകയോ പാർട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റായ ബൽറാം അധിക ചുമതലയായി വഹിക്കുന്ന ഡിജിറ്റൽ മീഡിയ സെൽ (ഡി.എം.സി) ചെയർമാൻ പദവി അദ്ദേഹം ഇപ്പോഴും തുടരുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പിന്നീട് വ്യക്തമാക്കി.
അതേസമയം, അദ്ദേഹത്തിന്റെ കൂടി അഭിപ്രായ പ്രകാരം പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ പാർട്ടിയുടെ അജണ്ടയിലുണ്ട്. എന്നാൽ, ഇതിനെ ചില മാധ്യമങ്ങൾ വി.ടി. ബൽറാമാണ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. ബൽറാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള അവസരമാക്കി മന്ത്രിമാരടക്കമുള്ള സി.പി.എം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ബീഡിയുടെ ജി.എസ്.ടി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറച്ചതിനെ തുടർന്ന് ‘ബിഹാറും ബീഡിയും തുടങ്ങുന്നത് ‘ബി’യില്‍ ആണെന്നും ഇനി അതൊരു പാപമായി കണക്കാക്കാന്‍ കഴിയില്ലെന്നു’മുള്ള കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റാണ് വിവാദങ്ങളുടെ തുടക്കം.
ബിഹാറിനെ കോൺഗ്രസ് അവഹേളിച്ചുവെന്ന വിധം പ്രചാരണമുണ്ടായതോടെ പാർട്ടി തന്നെ പോസ്റ്റിനെ തള്ളിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

