നിയമസഭയിൽ തുറന്ന പോര്, ലോക്സഭയിൽ കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ട്; സമാന്തര രാഷ്ട്രീയം തെളിയിച്ച് ഇൻഡ്യ മുന്നണി
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികൾ നേർക്കുനേർ ഏറ്റുമുട്ടിയത് സഖ്യമര്യാദകൾ സംബന്ധിച്ച ആശയക്കുഴപ്പത്തിനും കല്ലുകടികൾക്കും ഇടവരുത്തിയെങ്കിലും, ലോക്സഭയിൽ ഭരണഘടന ഭേദഗതി ബിൽ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയത് സമാന്തരമായ പുതിയ രാഷ്ട്രീയ സാധ്യതകൾക്കാണ് വഴിതുറന്നത്. സംസ്ഥാനത്ത് പരസ്പരം കൊമ്പുകോർക്കുമ്പോഴും ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ പൊതുനിലപാട് സ്വീകരിച്ചത് മുന്നണി രാഷ്ട്രീയത്തിന്‍റെ ഇലാസ്തികത അടിവരയിടുന്നു.
നിയമസഭ പോര് കൊടുമ്പിരിക്കൊള്ളുന്നതിനിടെ കേരളത്തിലേത് സി.പി.എം അല്ല സി.ജെ.പിയാണെന്നും ഇത്രയധികം ആരോപണമുയർന്നിട്ടും എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാത്തതെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചത് മുതലാണ് സഖ്യത്തിൽ സംശയനിഴൽ പടർന്നത്. മറുഭാഗത്ത് ഇൻഡ്യ മുന്നണിയുടെ നായക സ്ഥാനത്തുള്ള രാഹുൽ ഗാന്ധിക്കെതിരെ ‘സാധാരണ പ്രാദേശിക നേതാവിന്‍റെ കാര്യവിവരം പോലുമില്ലാത്തയാളാണെന്നും കണ്ടാലും കൊണ്ടാലും പഠിക്കില്ലെ’ന്നും മുഖ്യമന്ത്രിയും രൂക്ഷമായി പ്രതികരിച്ചതോടെ, സഹകരണ വാതിലുകളടയുന്നതിന്‍റെ സൂചന ബലപ്പെട്ടു. ഇൻഡ്യ മുന്നണി രൂപവത്കൃതമായ ശേഷം ഇതാദ്യമായി ദേശീയ സഖ്യത്തിന്‍റെ യാതൊരു പരിഗണനയും പരസ്പരം നൽകാതെയുള്ള ഏറ്റുമുട്ടലാണ് നിയമസഭ തെരഞ്ഞെടുപ്പിൽ നടന്നത്.
ഇതിനിടെയാണ് വനിത സംവരണവുമായി കൂട്ടിക്കെട്ടി മണ്ഡല പുനർനിർണയ ഭരണഘടന ഭേദഗതി ബിൽ തിരക്കിട്ട് ലോക്സഭയിൽ അവതരിപ്പിച്ചത്. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ ഇൻഡ്യ മുന്നണിയിലെ കക്ഷികൾ ഏറ്റുമുട്ടുമ്പോൾ ഉണ്ടായ സ്വാഭാവിക ഭിന്നതയും ഛിദ്രതയും രാഷ്ട്രീയമായി ഉപയോഗിച്ച് മുന്നണിയെ തകർക്കലാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിട്ടത്. എന്നാൽ, സംസ്ഥാനങ്ങളിലെ ഭിന്നത മാറ്റിവെച്ച് ബി.ജെ.പിക്കെതിരെ പൊതുനിലപാടിലേക്ക് പ്രതിപക്ഷ പാർട്ടികൾ എത്തിയതാണ് കളത്തിൽ കണ്ടത്.
ബിൽ പരാജയപ്പെട്ട ശേഷം കേരളത്തിൽ സി.പി.ഐയും കോൺഗ്രസും പ്രധാനമന്ത്രിക്കെതിരെ ഒരേ സ്വരത്തിൽ രംഗത്തെത്തി. അതോടെ, ബി.ജെ.പിക്കെതിരായ പൊതുനിലപാട് കുറേക്കൂടി വ്യക്തവുമായി. വനിതാസംവരണത്തിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയത് ജനാധിപത്യത്തിന്റെ വിജയമാണെന്നും തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിയെഴുതാനുള്ള ബി.ജെ.പിയുടെ തന്ത്രം പൊളിച്ചതിലുള്ള ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷം വനിതാ സംവരണത്തിന് എതിരാണെന്ന നുണപ്രചാരണം പ്രധാനമന്ത്രി നടത്തുന്നതെന്നും കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു.
ഭരണഘടന ഭേദഗതി ബിൽ പാസാകാത്തതിലല്ല, 2023ൽ പാസാക്കിയ വനിതാസംവരണ നിയമം ഇത്രയും കാലം ‘കോൾഡ് സ്റ്റോറേജിൽ’ പൂട്ടിവെച്ചതിന്റെ പേരിലാണ് പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ഇരക്കേണ്ടതെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

