‘മാധ്യമം’ പ്രസിദ്ധീകരിച്ച വത്സലൻ വാതുശ്ശേരിയുടെ ലേഖനത്തിന് പുരസ്കാരം
text_fieldsഡോ. വത്സലൻ വാതുശ്ശേരി
തൃശൂർ: 55ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ ‘മാധ്യമം’ ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിന് പുരസ്കാരം. ഡോ. വത്സലൻ വാതുശ്ശേരി എഴുതി ആഴ്ചപ്പതിപ്പിൽ മൂന്ന് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ‘മറയുന്ന നാലുകെട്ടുകൾ: മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളും’ ലേഖനമാണ് പുരസ്കാരത്തിന് അർഹമായത്. ആറ് മാസത്തോളമെടുത്താണ് ചലച്ചിത്ര പഠനം തയാറാക്കിയതെന്ന് ഡോ. വത്സലൻ വാതുശ്ശേരി പറയുന്നു.
അതേസമയം, ചലച്ചിത്ര നിരൂപണ പുസ്തകങ്ങളുടെ നിലവാരം താഴോട്ടാണെന്ന് രചന വിഭാഗം ജൂറി ചെയർപേഴ്സൻ മധു ഇറവങ്കര പറഞ്ഞു. ജൂറിയുടെ മുന്നിലെത്തിയ ചലച്ചിത്ര നിരൂപണ പുസ്തകങ്ങളിൽ ഒരെണ്ണം മാത്രമാണ് പുരസ്കാരത്തിന് അർഹതയുള്ളത് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
23 പുസ്തകങ്ങളും 33 ലേഖനങ്ങളുമാണ് ഇത്തവണ പുരസ്കാരത്തിനായി ലഭിച്ചത്. ലേഖനങ്ങൾ നിലവാരം പുലർത്തിയതായും ജൂറി അഭിപ്രായപ്പെട്ടു. ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന കാമ്പുള്ള ലേഖനങ്ങൾ അടക്കം ഉൾപ്പെടുത്താവുന്ന വിധത്തിൽ എൻട്രികൾ സമർപ്പിക്കാനുള്ള നിബന്ധനകൾ കാലാനുസൃതമായി മാറ്റണമെന്നും ജൂറി നിർദേശിച്ചിട്ടുണ്ട്.
55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ ആവാഹിച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയ ചിദംബരം ആണ് മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തും.
സൗബിൻ സാഹിറും സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടനുള്ള പുരസ്കാരം പങ്കിട്ടു. ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവ നടി. ബൊഗയ്ൻ വില്ലയിലെ അഭിനയത്തിന് ജ്യോതിർമയിയും പാരഡൈസിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും മികച്ച നടിക്കുള്ള പ്രത്യേക പരാമർശം നേടി. ടൊവീനോ തോമസും ആസിഫ് അലിയും മികച്ച നടനുള്ള പ്രത്യേക പരാമർശത്തിന് അർഹരായി.
തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. 2024ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 128 എൻട്രികളാണ് പുരസ്കാരത്തിന് എത്തിയത്. അന്തിമ റൗണ്ടിലേക്ക് 30ലേറെ ചിത്രങ്ങൾ പരിഗണിക്കപ്പെട്ടു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. രണ്ടുദിവസം മുന്‍പാണ് ജൂറി സ്ക്രീനിങ് പൂര്‍ത്തിയാക്കിയത്.
കേരളപിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജൂറി ചെയർമാനായ പ്രകാശ് രാജിന്‍റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചത്. 128 എൻട്രികളാണ് പുരസ്കാരത്തിന് എത്തിയത്. അന്തിമ റൗണ്ടിലേക്ക് 30ലേറെ ചിത്രങ്ങൾ പരിഗണിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

