നിയമസഭ തെരഞ്ഞെടുപ്പ്; കണ്ണൂരിൽ ‘മുഖ്യ’നായി ബേബി
text_fieldsകണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് മുഖ്യന്റെ മണ്ഡലത്തിൽ തന്നെ തുടക്കംകുറിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. 10 വർഷം കേരളം ഭരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തായിരുന്നു എം.എ. ബേബി കേരളത്തിലെ തന്റെ ആദ്യ പ്രചാരണ പരിപാടിക്ക് തുടക്കമിട്ടത്. ഗുരുവായൂരിലെ പാർട്ടി യോഗം കഴിഞ്ഞ് ശനിയാഴ്ച പൂലർച്ച 2.50ഓടെയാണ് അദ്ദേഹം റോഡ് മാർഗം ഗെസ്റ്റ് ഹൗസിലെത്തിയത്.
രാവിലെ 9.30ന് മുഖ്യമന്ത്രിയുടെ ഈറ്റില്ലമായ ധർമടം മണ്ഡലത്തിലെ ചക്കരക്കല്ലിലായിരുന്നു ആദ്യപൊതുയോഗം. രാവിലെ 9.15ഓടെ വേദിയൊരുങ്ങി. പ്രവർത്തകർ എത്തിത്തുടങ്ങി. തങ്ങളുടെ പ്രിയ സഖാവിനെ വരേവേൽക്കാൻ പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടി. സമയം 10 മണി, വേദി നിറഞ്ഞുകവിഞ്ഞു. എം.എ. ബേബിയുടെ വരവും കാത്ത് പ്രവർത്തകർ അക്ഷമയോടെ കാത്തുനിന്നു. സരളമായ ജീവിതശൈലിയും വ്യക്തമായ രാഷ്ട്രീയ ദർശനവുമായി ജീവിതം നയിക്കുന്ന എം.എ. ബേബി 10.10ഓടെ വേദിയിലേക്ക്. പ്രവർത്തകർ കരഘോഷത്തോടെ ബേബിയെ വേദിയിലേക്ക് സ്വീകരിച്ചു.
വേദിയിലെത്തിയ ബേബിയെ നേരെ ഉദ്ഘാടനത്തിന് ക്ഷണിച്ച് നേതാക്കൾ. പ്രസംഗപീഠത്തിലെത്തിയ ബേബി പതിയെ തുടങ്ങി. മുഖ്യമന്ത്രിയുടെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണിയായിരുന്നു തുടക്കം. 10 വർഷത്തെ വികസന നേട്ടങ്ങൾ സരളമായും ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ ഉതകുന്ന രീതിയിലും ബേബി പറഞ്ഞു. എൽ.ഡി.എഫിന്റെ ജയം വർത്തമാനകാലത്തിന്റെ മാത്രമല്ല ഭാവി കേരളത്തിന്റെ വിജയത്തിനുകൂടിയാണെന്ന് പറഞ്ഞുവെച്ചു. സി.പി.എം സംഘടനക്ക് പരമ പ്രധാന്യം നൽകിയ നേതാവാണ് പിണറായി വിജയനെന്നും മുമ്പ് മന്ത്രിയായിരിക്കെ അത് ത്യജിച്ച് പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തയാളാണ് പിണറായിയെന്നും ബേബി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിന്റെ അമരക്കാരൻ പിണറായിയാണെന്ന് ഉറക്കെ പറഞ്ഞതോടെ സദസ്സിൽ ആവേശം അലകടലായി.
അളന്നുമുറിച്ച പ്രസംഗം വികസനനേട്ടങ്ങൾക്കൊപ്പം കേരള രാഷ്ട്രീയ ചരിത്രത്തിലേക്കും വഴിമാറി. ഒപ്പം യു.ഡി.എഫിനെയും മാധ്യമങ്ങളെയും എം.എ. ബേബി കണക്കിന് വിമർശിച്ചു. ഇന്ത്യ മുന്നണിയുടെ ഭാഗമായ സി.പി.എമ്മിനെതിരെ കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധിയെ കൊണ്ട് തെറ്റായ കാര്യങ്ങൾ പറയിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കത്തുന്ന വെയിൽ വകവെക്കാതെ ഒന്നര മണിക്കൂറോളം പ്രസംഗം നീണ്ടു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെ കൊട്ടിയാണ് ബേബി പ്രസംഗം അവസാനിപ്പിച്ചത്. വേദിയിൽ നിന്നിറങ്ങിയ ബേബി ഇളനീർ കുടിച്ച് ദാഹമകറ്റി നേരെപോയത് കണ്ണൂർ പ്രസ് ക്ലബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാൻ. ഒപ്പം സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷും. പ്രസ് ക്ലബിലെത്തിയ ബേബി മാധ്യമപ്രവർത്തകരോട് കുശലാന്വേഷണം നടത്തി ഡയസിലേക്ക്. നിലവിലെ സംസ്ഥാന രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഓരോ ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായ മറുപടി. ഒപ്പം ജില്ലയിൽ പാർട്ടി വിട്ടവരെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവർ അധികാരമോഹത്താൽ പാർട്ടി വിട്ടവരാണെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു. ശേഷം ഉച്ചയൂൺ കഴിഞ്ഞ് കല്യാശ്ശേരി മണ്ഡലത്തിലെ മണ്ടൂരിലും പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴയിലും ബേബി പൊതുപരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

