കെട്ടിപ്പിടിച്ച് പിരിയുമ്പോൾ അർജുൻ പറഞ്ഞു, ‘‘ഇതെന്റെ ലാസ്റ്റാണ്’’
text_fieldsഅർജുന്റെ ആത്മഹത്യയെ തുടർന്ന് പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം
പാലക്കാട്: സൈബർ സെല്ലിൽ അറിയിക്കുമെന്ന് പറഞ്ഞ് ക്ലാസ് ടീച്ചർ ഭീഷണിപ്പെടുത്തിയത് അർജുനെ മാനസികമായി തളർത്തിയെന്ന് അടുത്ത കൂട്ടുകാർ. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് അര്‍ജുന്റെ മരണത്തിലേക്കു നയിച്ചതെന്ന് ആരോപിക്കുന്ന സംഭവം നടന്നത്. അര്ജുന് ഉള്‍പ്പെടെ നാലു വിദ്യാർഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്കൂളില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളെയും സ്കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ചുവിടുകയുമായിരുന്നു.
അർജുന്റെ വീട്ടിൽ സംഭവമറിയിച്ച അധ്യാപിക അന്ന് അവധിയിലായിരുന്നു. ഇവർ ചൊവ്വാഴ്ച സ്കൂളിലെത്തിയപ്പോൾ അർജുനെ ഓഫിസിൽ വിളിച്ചുവരുത്തി മർദിച്ചതായും അർജുന്റെ കൂട്ടുകാർ പറഞ്ഞു. സൈബർ പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞ് ഫോൺ വിളിച്ച് ഒരു വർഷം ജയിൽശിക്ഷയും 25,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു. ‘‘ക്ലാസ് കഴിഞ്ഞുപോകുമ്പോൾ കെട്ടിപ്പിടിച്ച് ‘ഇതെന്റെ ലാസ്റ്റാണ്’ എന്ന് അവൻ പറഞ്ഞു’’ - കണ്ണീരോടെ സഹപാഠി പറഞ്ഞു.
അർജുനെ മർദിച്ചത് അവന്റെ മാമനാണെന്ന് പറയാൻ വ്യാഴാഴ്ച രാവിലെ ആശ ടീച്ചർ തന്നെ നിർബന്ധിച്ചതായി മറ്റൊരു വിദ്യാർഥിയും വെളിപ്പെടുത്തി. അതേസമയം, ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ് സ്കൂൾ അധികൃതർ. ആരോപണവിധേയയായ അധ്യാപിക സാധാരണ രീതിയിൽ മാത്രമാണ് സംസാരിച്ചത്. ഇൻസ്റ്റഗ്രാമിൽ ചാറ്റിങ് കണ്ടതിനു പിന്നാലെ എല്ലാ കുട്ടികൾക്കും ബോധവത്കരണം നടത്താനാണ് ടീച്ചർ ശ്രമിച്ചത്. സൈബർ സെൽ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്ന് പ്രധാനാധ്യാപിക ലിസി പറഞ്ഞു. ഇതിനു പുറമെ കുട്ടിക്ക് വീട്ടിലും ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നെന്നും പ്രധാനാധ്യാപിക കൂട്ടിച്ചേർത്തു.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകളിട്ടതിനെ ചൊല്ലിയുള്ള പ്രശ്നം ദിവസങ്ങൾക്കുമുമ്പേ പറഞ്ഞുതീർത്തതാണെന്നും വീണ്ടും ടീച്ചർ പ്രശ്നം കുത്തിപ്പൊക്കിയത് ദുരുദ്ദേശ്യപരമാണെന്നും അർജുന്റെ പിതൃസഹോദരൻ കലാധരൻ പറഞ്ഞു.
മുമ്പും ചെറിയ പ്രശ്നത്തിന്റെ പേരിൽ ക്ലാസ് ടീച്ചർ അർജുനെ മർദിച്ചിട്ടുണ്ടെന്നും അന്ന് പിഴവു പറ്റിയതാണെന്നും പ്രശ്നമാക്കേണ്ടെന്നും ടീച്ചർ പറഞ്ഞതിനാൽ പരാതി നൽകാതിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ് ടീച്ചർ അർജുനെ മുമ്പ് മർദിച്ചതിന്റെ ചിത്രങ്ങൾ കൈയിലുണ്ടെന്ന് വിദ്യാഭ്യാസ ഓഫിസറെ അറിയിച്ചിട്ടുണ്ട്. മുറി തുറന്നു പരിശോധിച്ചാലേ കുട്ടി വല്ലതും എഴുതിവെച്ചിട്ടുണ്ടോ എന്നറിയുകയുള്ളൂവെന്നും കലാധരൻ പറഞ്ഞു.
അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
പാലക്കാട്: കണ്ണാടി എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷനും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായി പാലക്കാട് ഡി.ഡി.ഇ ആസിഫ് ആലിയാർ പറഞ്ഞു. ആരോപണവിധേയയായ അധ്യാപിക ആശുപത്രിയിലായതിനാൽ വിവരം ശേഖരിക്കാനായിട്ടില്ല. പ്രധാനാധ്യാപികയിൽനിന്നും വിദ്യാർഥികളിൽനിന്നും തെളിവെടുത്തു. ക്ലാസ് അധ്യാപികക്ക് അനുകൂലമായും പ്രതികൂലമായും വിദ്യാർഥികൾ മൊഴി നൽകിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ആസിഫ് ആലിയാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

