അയോഗ്യത ഉത്തരവിന് മുൻപ് രാജി വെക്കാനൊരുങ്ങി ആന്‍റണിരാജു, സീറ്റ് ഏറ്റെടുക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട എം.എൽ.എ ആന്റണി രാജു രാജിവെക്കുമെന്ന് സൂചന. നിയമസഭ സ്പീക്കർക്ക് ഇന്നുതന്നെ രാജിക്കത്ത് നൽകാനാണ് ആലോചിക്കുന്നത്. സ്പീക്കറെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയില്‍ ആയി അയച്ചു നല്‍കുകയോ ചെയ്യുമെന്നാണ് അറിയുന്നത്.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എം.എൽ.എ സ്ഥാനത്ത് തുടരാന്‍ ആന്റണി രാജുവിന് കഴിയില്ല. ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാകും. മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചതോടെയാണ് നിയമസഭ അംഗത്വം റദ്ദാകുന്നത്. കോടതി വിധിയുടെ പകർപ്പ് ലഭിച്ചതിനുശേഷം നിയമസഭ സെക്രട്ടറിയാണ് നടപടി സ്വീകരിക്കുക. ഉത്തരവ് ലഭിച്ച ശേഷം അത് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുക എന്നതാണ് ഇതിന്‍റെ നടപടി. ഉത്തരവ് ഇറക്കുന്നതോടെയാണ് ആന്‍റണി രാജുവിന്‍റെ നിയമസഭ അംഗത്വം ഇല്ലാതാകുക. ഇതിനുമുൻപ് തന്നെ രാജി വെക്കാനാണ് ആന്‍റണി രാജുവിന്‍റെ തീരുമാനം.
അതേസമയം, വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം. കേസിലെ ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായ കെ.എസ് ജോസ്, ആന്റണി രാജു എന്നിവര്‍ക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. എന്നാൽ കോടതി കോടതി ശിക്ഷ സ്റ്റേ ചെയ്താൽ മാത്രമേ ആൻ്റണി രാജുവിന് എം.എൽ.എയായി തിരികെ എത്താൻ കഴിയൂ.
മുന്‍ മന്ത്രി ആൻറണി രാജുവിനെതിരായ കോടതിവിധി സ്റ്റേ ചെയ്തില്ലെങ്കിൽ തിരുവനന്തപുരം നിയമസഭാ സീറ്റ് ഏറ്റെടുക്കാനാണ് സി.പി.എം ആലോചിക്കുന്നത്. സീറ്റ് ഏറ്റെടുത്താൽ നഗര,തീരദേശ മേഖലകളിൽ സ്വീകാര്യനായ വ്യക്തിയെ സി.പി.എമ്മിന് കണ്ടെത്തേണ്ടിവരും. ആൻറണി രാജു കോടതി നടപടികളിലേക്ക് കടക്കുമ്പോൾ ഇതെല്ലാം വളരെ ഗൗരവത്തോടെയാണ് സി.പി.എമ്മും വീക്ഷിക്കുന്നത്.
ഇന്നലെയാണ് തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആൻറണി രാജുവിനെയും വഞ്ചിയൂർ കോടതിയിലെ ക്ലർക്കായിരുന്ന ജോസിനെയും ശിക്ഷിച്ചത്. രാഷ്ട്രീയ പ്രേരിതമായ കേസ് ആണെന്നും നിരപരാധികളും ശിക്ഷിക്കപ്പെടാം വിധിയെ കുറിച്ചുള്ള ആൻറണി രാജുവിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

