ഭരണവിരുദ്ധത വോട്ടായി, നിലപാടുകളും
text_fieldsതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിന് പിന്നാലെ സെക്രട്ടറിയേറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപം സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ സ്ഥാപിച്ച ഫ്ലക്സ് ഫോട്ടോ: വൈ.ആർ. വിപിൻദാസ്
തിരുവനന്തപുരം: ഇടത് സർക്കാറിന്‍റെ 10 വർഷത്തെ ഭരണവീഴ്ചകൾ തുറന്നുകാട്ടുന്നതിനൊപ്പം മികച്ച ഭരണ വാഗ്ദാനവും യു.ഡി.എഫിന്‍റെ മിന്നുന്ന വിജയത്തിന് വഴിയൊരുക്കി. 10 വർഷം പ്രതിപക്ഷത്തിരുന്ന കക്ഷികൾ ഇപ്പോഴില്ലെങ്കിൽ ഇനിയില്ലെന്ന സന്നിഗ്ധ ഘട്ടത്തിൽ അരയും തലയും മുറുക്കി കളത്തിലിറങ്ങി. ‘ടീം യു.ഡി.എഫ്’ എന്ന വികാരം മുന്നണിക്ക് കരുത്തായി.
ഭരണവിരുദ്ധ വികാരം പരമാവധി മുതലെടുക്കാൻ യു.ഡി.എഫിന് സാധിച്ചു. നിയമസഭക്കുള്ളിലും പുറത്തും ഇക്കാര്യത്തിൽ നിരന്തര പോരാട്ടമാണ് പ്രതിപക്ഷം നടത്തിയത്. യു.ഡി.എഫിൽനിന്ന് അകന്നുപോയ സാമൂഹിക ഗ്രൂപ്പുകളെ മുഴുവൻ വീണ്ടും അടുപ്പിക്കാൻ പ്രതിപക്ഷ നേതാവിന് സാധിച്ചു. ഇടതുപാളയത്തിൽതന്നെ വിള്ളലുണ്ടാകുന്നത് സി.പി.എംപോലും കാര്യമായി തിരിച്ചറിഞ്ഞില്ല. മുതിർന്ന നേതാവ് ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, ഐഷ പോറ്റി, വി. കുഞ്ഞികൃഷ്ണൻ, പി.കെ. ശശി അടക്കമുള്ളവർ പാർട്ടിവിട്ട് പോരാട്ടത്തിനിറങ്ങി. ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ ഇതുവഴി കഴിഞ്ഞു. മുതിർന്ന നേതാക്കൾ പാർട്ടിക്കെതിരെ പോരാടുന്നത് അവരുടെ സാധാരണ പ്രവർത്തകർക്കിടയിലും പ്രതിഫലനമുണ്ടാക്കി. സി.പി.എമ്മിന്‍റെ കോട്ടകൾ പലതും പൊളിയാൻ ഇത് വഴിവെച്ചു.
കേരളം അഭിമുഖീകരിച്ച നിർണായക വിഷയങ്ങളിൽ വ്യക്തമായ നിലപാടെടുക്കാൻ യു.ഡി.എഫിന് സാധിച്ചു. വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വീകരിച്ചത്. മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം പ്രകോപനം നടത്തിയിരുന്ന വെള്ളാപ്പള്ളി നടേശനെ ഭരണപക്ഷം തിരുത്തിയില്ലെന്ന് മാത്രമല്ല, പിന്തുണയ്ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് വി.ഡി. സതീശൻ കൈകൊണ്ടതിന്‍റെ പ്രതിഫലനം തെരഞ്ഞെടുപ്പ് ഫലത്തിലും കണ്ടു.
യു.ഡി.എഫ് മുന്നോട്ടുവെച്ച ആശയങ്ങൾ യുവതലമുറയുമായി സംവദിക്കുന്നതായിരുന്നു. അവർക്ക് പ്രതീക്ഷ നൽകുന്ന നിലപാടുകളുണ്ടായി. പുതുയുഗ യാത്രയിൽ ജനങ്ങൾക്ക് പ്രതീക്ഷ നൽകാൻ വി.ഡി. സതീശന്റെ ആശയവിനിമയങ്ങൾക്ക് കഴിഞ്ഞു. കേരളം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരനിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ഗ്യാരന്‍റി ജനങ്ങളെ ആകർഷിച്ചു. മുഴുവൻ സ്ത്രീകൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര, കോളജ് വിദ്യാർഥികൾക്ക് മാസം 1000 രൂപ, ക്ഷേമപെൻഷൻ 3000 രൂപ, 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ്, സംരംഭങ്ങൾ തുടങ്ങാൻ യുവക്കൾക്ക് അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ, വയോജന വകുപ്പ് എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. വലിയ സാമ്പത്തിക ബാധ്യത വരുന്നതാണ് ഈ പ്രഖ്യാപനങ്ങൾ.
തദ്ദേശ തെഞ്ഞെടുപ്പിൽ കത്തിനിന്ന ശബരിമല വിഷയം നിയമസഭ തെഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് തിരിച്ചടിയായി. ദേവസ്വം മന്ത്രിയും മുൻ ദേവസ്വം മന്ത്രിയുമടക്കം തോറ്റു. സുരക്ഷിതമായി കരുതിയിരുന്ന മണ്ഡലങ്ങളിൽ പലതിലും ഇത് ഇളക്കം സൃഷ്ടിച്ചു. ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കാൻ നടത്തിയ അയ്യപ്പ സംഗമം ഭരണപക്ഷത്തിന് നേട്ടമാക്കാൻ കഴിഞ്ഞുമില്ല.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന്‍റെ ഒത്തൊരുമ കരുത്തായി. ടീം യു.ഡി.എഫ് എന്ന വികാരത്തെ പൊളിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. ഇതേ ഒത്തൊരുമയോടെയാണ് നിയമസഭ തെരഞ്ഞെടുപ്പിനെ അവർ നേരിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരെ ആരോപണമുന തീർത്ത് പ്രതിരോധത്തിലാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. എപ്പോഴും അവർ പ്രതിരോധത്തിൽ മറുപടി പയേണ്ട ബാധ്യത വന്നു. എന്നാൽ നിയമസഭ ഘട്ടത്തിലാകട്ടെ പ്രതിപക്ഷമാണ് അക്രമിച്ചു കളിച്ചത്. ഡീൽ ആരോപണമുയർന്നപ്പോൾ ഇടതിന് അതിനെ പ്രതിരോധിക്കേണ്ടിവന്നു. വികസനം അജണ്ടയായി മുന്നോട്ടുകൊണ്ടുപോകാൻ ഇടതുപക്ഷം ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. യു.ഡി.എഫ് ഓരോ വിഷയങ്ങളായി ഉയർത്തിയപ്പോൾ ഭരണപക്ഷം കൂടുതൽ പ്രതിരോധത്തിലേക്ക് മാറി.
മുഖ്യമന്ത്രിയടക്കം സി.പി.എം നേതാക്കളുടെ ധിക്കാരവും ധാർഷ്ട്യവും പ്രചാരണത്തിൽ ഉയർത്തുന്നതിലും യു.ഡി.എഫ് വിജയിച്ചു. എസ്.ഡി.പി.ഐ കൈക്കൊണ്ട അനുകൂല നിലപാടും ഇടതിന് തുണയായില്ല. ക്ഷേമപെൻഷൻ ഉയർത്തലടക്കം നിരവധി ആനുകൂല്യങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ നടപ്പാക്കിയിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ കുറെയും നൽകി. എന്നാൽ, ഇതൊന്നും ഭരണപക്ഷത്തിന് വലിയ ഗുണം ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

