തൃശൂർ: മന്ത്രി എ.സി മൊയ്തീനെതിരെ ആരോപണവുമായി അനിൽ അക്കര എം.എൽ.എ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി എ.സി മൊയ്തീൻ നേരിട്ടെത്തിയാണെന്ന് അനിൽ അക്കര എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ ജില്ല കലക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും പങ്കുണ്ടെന്നും അനിൽ അക്കര ആരോപിക്കുന്നു.
സ്ഥലം എം.എൽ.എയെയും എം.പിയെയും ഒഴിവാക്കിയാണ് മന്ത്രി തൃശൂർ മെഡിക്കൽ കോളേജിൻെറ വികസന പ്രവർത്തനം വിലയിരുത്താൻ എത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയതിനെക്കുറിച്ച് ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിയ്യൂർ ജയിൽ മെഡിക്കൽ ഓഫീസറോടാണ് റിപ്പോർട്ട് തേടിയത്.