Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ് ഭാഷകളിൽ സേവനം, ലൈവ് മാപ്പും പരാതി പരിഹാരവും; ശബരിമല തീർഥാടകർക്ക് കൈത്താങ്ങായി 'ശരൺ' വെബ് ആപ്പ്

text_fields
bookmark_border
Sabarimala
cancel
camera_alt

 ശബരിമല

തിരുവനന്തപുരം: ശബരിമല തീർഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിനായി സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന 'ശരൺ' (Saran) വെബ് ആപ്ലിക്കേഷൻ തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കി. തീർഥാടകർക്ക് യാത്രയിലുടനീളം ആവശ്യമായ എല്ലാ വിവരങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന സംവിധാനമാണിത്. പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ഐ.ടി. വിഭാഗം വികസിപ്പിച്ചെടുത്ത ഈ വെബ് ആപ്പ് മന്ത്രി കെ.എം. ഷാജിയാണ് പ്രകാശനം ചെയ്തത്.

പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഡൗൺലോഡ് ചെയ്യാതെ തന്നെ ക്രോം പോലുള്ള ബ്രൗസറുകൾ വഴി നേരിട്ട് ഉപയോഗിക്കാമെന്നതാണ് 'ശരൺ' ആപ്പിന്റെ പ്രധാന സവിശേഷത. saran.lsgdpr.in എന്ന വെബ്സൈറ്റ് വഴിയോ, ക്യു.ആർ. കോഡ് സ്കാൻ ചെയ്തോ സേവനം പ്രയോജനപ്പെടുത്താം. ആവശ്യമുള്ളവർക്ക് ഇത് ഫോണിന്റെ ഹോം സ്ക്രീനിലേക്ക് എളുപ്പത്തിൽ ചേർത്തുവെക്കാനും സാധിക്കും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർക്ക് സഹായകരമാകുന്ന രീതിയിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ആറ് ഭാഷകളിലാണ് 'ശരൺ' പ്രവർത്തിക്കുന്നത്. തീർഥാടന പാതകളിലെ ഇടത്താവളങ്ങൾ, അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ, യാത്രാവിവരങ്ങൾ, പ്രാദേശിക അറിയിപ്പുകൾ എന്നിവയെല്ലാം ഏകീകൃത ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാണ്. ഇടത്താവളത്തിന്റെയോ തദ്ദേശസ്ഥാപനത്തിന്റെയോ പേര് നൽകി തിരയാനും, ലൊക്കേഷൻ സൗകര്യം ഉപയോഗിച്ച് തൊട്ടടുത്തുള്ള ഇടത്താവളങ്ങൾ ദൂരക്രമത്തിൽ കണ്ടെത്താനും കഴിയും.

ഓരോ ഇടത്താവളത്തിലും ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണം, കുടിവെള്ളം, ശൗചാലയം, കുളിക്കാനുള്ള സൗകര്യം, വാഹന പാർക്കിങ് ശേഷി, മൊബൈൽ ചാർജിങ് പോയിന്റുകൾ, വൊളന്റിയർ സേവനം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കാം.

ദിവസേനയുള്ള പൂജാസമയം ഹോംസ്ക്രീനിൽ തന്നെ കാണാനാകും. അന്നദാനം, പ്രത്യേക ബസ് സർവീസുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംബന്ധിച്ച അറിയിപ്പുകൾ തീയതിയും സമയവും സഹിതം നോട്ടിഫിക്കേഷനായി ലഭിക്കും. പ്രസിദ്ധീകരിച്ച് രണ്ട് ദിവസത്തിന് ശേഷം ഇവ പൊതുപട്ടികയിൽ നിന്ന് സ്വമേധയാ നീക്കം ചെയ്യപ്പെടും. അടിയന്തര ഘട്ടങ്ങളിൽ തീർഥാടകർക്ക് വേഗത്തിൽ സഹായം എത്തിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്.

ഇടത്താവളങ്ങൾക്ക് പുറമെ സമീപത്തുള്ള ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷനുകൾ, എ.ടി.എം, പെട്രോൾ പമ്പുകൾ, ബസ് സ്റ്റേഷനുകൾ എന്നിവ വിഭാഗം തിരിച്ച് കണ്ടെത്താനും ഗൂഗ്ൾ മാപ്പ് വഴി കൃത്യമായ ദിശ അറിയാനും സാധിക്കും. അപകടങ്ങളോ സുരക്ഷാ ഭീഷണികളോ ഉണ്ടായാൽ ലൊക്കേഷൻ വിവരങ്ങൾ സഹിതം പൊലീസ്, ആരോഗ്യവകുപ്പ്, മറ്റ് അടിയന്തര സേവന വിഭാഗങ്ങൾ എന്നിവരിലേക്ക് ഒരൊറ്റ സ്പർശത്തിലൂടെ സഹായാഭ്യർഥന എത്തിക്കാം. ആരോഗ്യപ്രശ്നങ്ങൾ നേരിട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളെയും മെഡിക്കൽ ക്യാമ്പുകളെയും വേഗത്തിൽ കണ്ടെത്താനാകും.

തീർഥാടനത്തിനിടെ കുട്ടികളെയോ മുതിർന്നവരെയോ കാണാതായാൽ ആ വിവരങ്ങൾ ആപ്പിലൂടെ ഉടൻ റിപ്പോർട്ട് ചെയ്യാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് കൈമാറാനും പ്രത്യേക സംവിധാനമുണ്ട്. ഇടത്താവളങ്ങളിലെ തത്സമയ തിരക്ക്, സൗകര്യങ്ങളുടെ ലഭ്യത, ഗതാഗത ക്രമീകരണങ്ങൾ, വഴിതിരിച്ചുവിടലുകൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ എന്നിവ തത്സമയം അറിയാൻ കഴിയും.

ഇടത്താവളങ്ങളിലെ ശുചിത്വവും സേവന നിലവാരവും വിലയിരുത്താനും മെച്ചപ്പെടുത്താനും പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശുചിത്വം സംബന്ധിച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്താനും പരാതികളും പ്രശ്നങ്ങളും നേരിട്ട് റിപ്പോർട്ട് ചെയ്യാനും തീർഥാടകർക്ക് സൗകര്യമുണ്ട്.

ഓരോ ഇടത്താവളത്തിന്റെയും ചുമതലയുള്ള നോഡൽ ഓഫീസർമാർ സൗകര്യങ്ങളുടെ വിവരങ്ങളും ഹെൽപ്‌ലൈൻ നമ്പറുകളും കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും പ്രാദേശിക അറിയിപ്പുകൾ പ്രസിദ്ധീകരിക്കുകയും പരാതികൾക്ക് പരിഹാരം കാണുകയും ചെയ്യും. അതത് ജില്ലകളിലെ ഇടത്താവളങ്ങളുടെ പ്രവർത്തനങ്ങൾ ജില്ലാ അഡ്മിനിസ്ട്രേറ്റർമാർ നിരീക്ഷിച്ച് ഏകോപിപ്പിക്കും. തദ്ദേശസ്ഥാപനങ്ങൾ, പൊലീസ്, ആരോഗ്യവകുപ്പ്, ഗതാഗത വകുപ്പ്, ദുരന്തനിവാരണ വിഭാഗം എന്നിവയെ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ബന്ധിപ്പിച്ച് വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുകയാണ് 'ശരൺ' ആപ്പിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - All Sabarimala Pilgrim Services Now on 'Saran' Web App
Next Story