അമ്മ ഭരണ സമിതിയിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചു
text_fieldsകൊച്ചി: താര സംഘടനയായ അമ്മയിൽ പൊട്ടിത്തെറി. സംഘടനയുടെ ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജി വെച്ചു. പ്രസിഡന്‍റ് ശ്വേത മോനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരടങ്ങുന്ന 17 അംഗ ബോഡിയാണ് രാജി വെച്ചൊഴിഞ്ഞിരിക്കുന്നത്. ഇന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവർ മാത്രമല്ല മറ്റുളളവരും ഒഴിയണമെന്ന് സംഘടനക്കുള്ളിൽ ശബ്ദമുയരുകയായിരുന്നു.
രാജിയെ തുടർന്ന് ചുമതല അഡ്ഹോക് കമ്മിറ്റി ഏറ്റെടുക്കും. അധികാരമേറ്റ് ഒരു വർഷം പോലും തികയുന്നതിനു മുമ്പാണ് ഭാരവാഹികൾ രാജി വെക്കുന്നത്. സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് രാജി. റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്ന് കാട്ടി സിദ്ധീഖ്, ബാബു രാജ് തുടങ്ങിയ അംഗങ്ങൾ റിപ്പോർട്ട് പാസാക്കുന്നതിനെ എതിർത്തിരുന്നു. ജനറൽ ബോഡി യോഗത്തിന് 21 ദിവസം മുമ്പാണ് വാർഷിക റിപ്പോർട്ട് അംഗങ്ങൾക്ക് ലഭിക്കേണ്ടത്.എന്നാൽ പലര്‍ക്കും ഇന്നലെയോ ഇന്നോ മാത്രമാണ് റിപ്പോർട്ട് ലഭിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.
സംഘടനയുടെ നേതൃ സ്ഥാനത്തേക്ക് ആദ്യമായി സ്ത്രീകൾ എത്തിയത് അഭിമാന നേട്ടമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇതിനുശേഷം ജനറൽ സെക്രട്ടറിയും പ്രസിഡന്‍റും തമ്മിലുള്ള അസ്വാരസ്യങ്ങൾ സംഘടനയിൽ കല്ലുകടിയായി. അതിനിടക്കാണ് അൻസിബ ഹസന്‍റെ രാജിയും ടിനിടോമുമായുള്ള പ്രശ്നങ്ങളും ഉയർന്നുവന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ കൂട്ടരാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

