‘പ്രശ്‌നങ്ങളെല്ലാം ഇരുവരും പറഞ്ഞവസാനിപ്പിച്ചു, വൈകിയെങ്കിലും എല്ലാം ബോധ്യപ്പെട്ടു; സൗഹൃദപരമായി മുന്നോട്ടുപോകും’: ജി. സുകുമാരൻ നായർ
text_fieldsജി. സുകുമാരൻ നായർ
കോട്ടയം: മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള പ്രശ്നങ്ങളെല്ലാം പറഞ്ഞവസാനിപ്പിച്ചെന്നും മന്നം ജയന്തി ആഘോഷത്തിന് ഫോണിൽ വിളിച്ച് ക്ഷണിച്ചെന്നും എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി മറുപടി നൽകിയെന്നും പരസ്പരം നടത്തിയ പരാമർശങ്ങളെല്ലാം മറന്ന് സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ ഏത് സാഹചര്യത്തിലായിരുന്നെന്ന് അദ്ദേഹം ബോധ്യപ്പെടുത്തിയെന്നും അവ ഞങ്ങൾക്ക് വൈകിയെങ്കിലും ബോധ്യപ്പെട്ടു. പരസ്പരം എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. വി.ഡി. സതീശനുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. ഇനി സൗഹൃദപരമായി മുന്നോട്ടുപോകും. ’ -സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
എൻ.എസ്.എസ് സംസ്ഥാന- കേന്ദ്ര സർക്കാറിനുമുന്നിൽ ഒരാവശ്യവും വെച്ചിട്ടില്ല. എന്നാൽ, സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാക്കണം എന്നത് മാത്രമാണ് ആവശ്യം. പിന്നോക്ക വിഭാഗങ്ങൾക്ക് നല്‍കുന്നത് പോലെ തന്നെ മുന്നോക്ക വിഭാഗങ്ങളിലുള്ള സാമ്പത്തിക പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കുന്ന സാമ്പത്തിക സംവരണം വേണമെന്ന് ഇപ്പോഴും ആവശ്യപ്പെടുന്നു. ഈ ആവശ്യം രേഖാമൂലം ഒന്നും അറിയിച്ചിട്ടില്ലെന്നും വിഷയം സംസാരിച്ചിട്ടുമില്ലെന്നും അറിയിച്ചു. എൻ.എസ്.എസ് ആർക്കും അമിതമായി വിധേയപ്പെടില്ലെന്നും അങ്ങോട്ടെന്ന പോലെ മുഖ്യമന്ത്രി ഇങ്ങോട്ടും നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി സതീശൻ മന്നം മന്നം ജയന്തി ആഘോഷത്തിന് പങ്കെടുക്കുന്ന കാര്യം എൻ.എസ്.എസ് ഔദ്യോഗികമായി പിന്നീട് അറിയിക്കും. ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷം നടക്കുന്നത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പെരുന്ന സന്ദർശിക്കാൻ വി.ഡി സതീശൻ എത്തുന്നത്. ജനുവരി രണ്ടിന് നടക്കുന്ന ജയന്തി ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്നം ആഘോഷങ്ങൾക്ക് മുഖ്യമന്ത്രി തുടക്കം കുറിക്കും.
പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചെങ്കിലും മുഖ്യമന്ത്രിയായ ശേഷം സുകുമാരൻ നായരെ സന്ദർശിക്കുകയോ സമരസപ്പെടുകയോ ചെയ്തിരുന്നില്ല മുഖ്യമന്ത്രി. അതിനിടെയാണ് മന്നം ജയന്തി ആഘോഷങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്ന് വാർത്ത വരുന്നത്. എൻ.എസ്.എസ് പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. മന്ത്രി കെ. മുരളീധരനും മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്തേക്കും.

