ഷുഹൈബ് വധം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കാന്തപുരം
text_fieldsതിരുവനന്തപുരം: ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യപ്പെട്ടു. നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം വേണമെന്നും പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ രക്ഷപ്പെടാതിരിക്കാനാണ് തെളിവുകൾ പുറത്തുവിടാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചതായി കാന്തപുരം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ^ജാതി^മത പരിഗണനകളില്ലാതെ നിഷ്പക്ഷമായി അന്വേഷണം നടക്കുമെന്നും മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഒരാളും രക്ഷപ്പെടരുതെന്ന് തങ്ങൾക്ക് നിർബന്ധമുണ്ടെന്നും കാന്തപുരം പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനൊപ്പം അവർക്ക് കടുത്ത ശിക്ഷയും ഉറപ്പുവരുത്തണം. രാഷ്ട്രീയ കൊലപാതകങ്ങൾ രാജ്യത്തിന് തന്നെ ആപത്താണ്. പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം വന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കും. കൊലപാതകങ്ങളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് കൊലക്കേസ് പ്രതികൾക്ക് ഇസ്ലാം മതം കടുത്തശിക്ഷ വ്യവസ്ഥചെയ്തതെന്നും കാന്തപുരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
