ആലപ്പുഴ തെരഞ്ഞെടുപ്പ് ചൂട് ആവേശത്തിലേക്ക്; അടിത്തട്ടിലെ ശാന്തതയിൽ മുന്നണികൾക്ക് ഭയം
text_fieldsആലപ്പുഴ: സ്ഥാനാർഥികളുടെ സ്വീകരണ പര്യടനം തുടങ്ങിയതോടെ ജില്ലയിൽ തെരഞ്ഞെടുപ്പ് രംഗം ആവേശത്തിലേക്ക് കടക്കുകയാണ്. മുതിർന്ന സി.പി.എം നേതാവായിരുന്ന ജി. സുധാകരന്‍റെ ചുവടുമാറ്റത്തോടെ ശ്രദ്ധയാകർഷിച്ച ജില്ലയിൽ കരുത്ത് നിലനിർത്താൻ ഇടതുപക്ഷവും പിടിച്ചെടുക്കാൻ യു.ഡി.എഫും അവസാന കരുക്കളുമായി കളം നിറയുകയാണ്. ഭരണവിരുദ്ധ വികാരം കത്തിച്ച് കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാനുള്ള നീക്കമാണ് യു.ഡി.എഫ് നടത്തുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ചകളിൽ നിറയുന്ന രമേശ് ചെന്നിത്തലയുടെ തട്ടകമെന്ന നിലയിൽ ജില്ലയിൽ കൂടുതൽ വിജയമെന്നത് യു.ഡി.എഫിന് അനിവാര്യമാണ്. കഴിഞ്ഞ തവണ ചെന്നിത്തലക്ക് മാത്രമാണ് ജില്ലയിൽനിന്ന് യു.ഡി.എഫിനെ പ്രതിനിധാനം ചെയ്യാനായത്. ജില്ലയിലെ ഇടത് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ ചുക്കാൻ പിടിച്ചിരുന്ന മുതിർന്ന സി.പി.എം നേതാവായിരുന്ന ജി. സുധാകരൻ സ്ഥാനാർഥിയായി ഒപ്പംകൂടിയത് അനുകൂല ഘടകമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ജില്ലയിലാകെ സുധാകരൻ ഫാക്ടർ പ്രതിഫലിക്കുമോയെന്ന ആശങ്ക സി.പി.എമ്മിനുമുണ്ട്. ഇതുകാരണം ആര് ജയിച്ചാലും സുധാകരൻ ജയിക്കരുതെന്ന വാശിയിലാണ് സി.പി.എം. ഇതിനായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത പ്രത്യേക യോഗം തന്നെ വിളിച്ചിരുന്നു. എന്നാൽ, സി.പി.എമ്മിനെ നന്നായി അറിയാവുന്ന സുധാകരൻ തന്‍റെ സംഘബലം പുറത്തറിയിക്കാതെ കരുതലോടെയാണ് കരുക്കൾ നീക്കുന്നത്.
രാഷ്ട്രീയ നിലനിൽപ്പിനായുള്ള മത്സരത്തിൽ വിജയം ഉറപ്പിക്കാനായി സുധാകരൻ കരുതിയിരിക്കുന്ന അവസാനത്തെ അസ്ത്രം ഏതെന്നറിയാതെയുള്ള അങ്കലാപ്പും ഇടത് പാളയത്തിലുണ്ട്. അടുത്ത ദിവസം ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കളം മാറിയ പഴയ സഹപ്രവർത്തകനോട് ഏത് ശൈലിയിലാണ് പ്രതികരിക്കുകയെന്നതും ജനം ഉറ്റുനോക്കുന്നു.
ഇതിനിടെ എ ക്ലാസ് മണ്ഡലത്തിലടക്കം ദുർബല സ്ഥാനാർഥിയെ ഇറക്കിയ ബി.ജെ.പി രാഷ്ട്രീയവും ജില്ലയിൽ ചർച്ചയാണ്. ചെങ്ങന്നൂരിലെ ദുർബല സ്ഥാനാർഥിത്വമാണ് ‘ഡീൽ’ സംശയം ഉയർത്തുന്നത്. അതേസമയം, വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണത്തിന്‍റെ ആവേശം താഴെത്തട്ടിലേക്ക് എത്തിക്കാൻ കഴിയാത്തത് മുന്നണികളെ ആശങ്കപ്പെടുത്തുന്നു. കാലാവസ്ഥയും ഉത്സവകാലവുമായതുമാണ് അടിത്തട്ട് പ്രചാരണങ്ങളെ ബാധിച്ചതത്രെ.
ശരിയായ നിലയിൽ വീട് കയറിയുള്ള സ്ക്വാഡ് പ്രവർത്തനം മിക്കയിടങ്ങളിലും നടക്കുന്നില്ല. പേരിന് മാത്രമാണ് വീട് കയറ്റം നടത്താനാകുന്നത്. മുൻകാലങ്ങളിലെ പോലെ കുടുംബയോഗങ്ങളും ഫലപ്രദമായി സംഘടിപ്പിക്കാനാകുന്നില്ല. മേഖല കൺവെൻഷനുകൾ, റോഡ് ഷോ, നവമാധ്യമ പ്രചരണം എന്നിവയിലൂടെ പരമാവധി വോട്ടർമാരെ സ്വാധീനിക്കാനുള്ള ഇടപെടലുകളാണ് സ്ഥാനാർഥികളും മുന്നണികളും നടത്തുന്നത്. വരുംദിവസങ്ങളിൽ സ്റ്റാർ കാമ്പയിൻമാർ ജില്ലയിൽ എത്തുന്നതോടെ ആവേശം താഴെ തട്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

