കാന്തപുരത്തെ അൽ ഹാശിമി വീട്ടിലെത്തി സന്ദർശിച്ചു
text_fieldsകോഴിക്കോട്: ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ യു.എ.ഇ പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്ടാവ് ഡോ. സയ്യിദ് അലി അബ്ദുറഹ്മാൻ അൽ ഹാശിമി സന്ദർശിച്ചു.
യൂറോപ്പ്-ഏഷ്യൻ രാജ്യങ്ങളിലെ നിരവധി ഉന്നത ഇസ്‌ലാമിക സർവകലാശാലകളുടെ ഉപദേഷ്ടാവും സ്ഥാപകാംഗവുമായ അദ്ദേഹം ലോകത്തെ നിരവധി അക്കാദമിക് സ്ഥാപനങ്ങളുമായി മർകസിനെ ബന്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മർകസുമായുമുള്ള തന്റെ ദീർഘകാല ബന്ധം സംസാരത്തിനിടെ അദ്ദേഹം ഓർത്തെടുത്തു.
കേരളത്തിലെ വൈജ്ഞാനിക പ്രവർത്തനങ്ങളെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ശൈഖ് അബൂബക്കറിന്റെ ഉന്നതമായ കാഴ്ചപ്പാടുകളും നിശ്ചയദാർഢ്യവും കർമ്മോൽസുകതയുമാണെന്ന് പറഞ്ഞ അദ്ദേഹം, ശൈഖ് അബൂബക്കറിന്റെ വൈജ്ഞാനിക-സേവന-സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അസൂയാവഹമായ മാറ്റങ്ങളാണ് ഇന്ത്യയിൽ ഉണ്ടായതെന്നും ശൈഖ് അബൂബക്കറിനുവേണ്ടിയുള്ള പ്രാർഥനകൾ നമ്മുടെ ബാധ്യതയാണെന്നും കൂട്ടിച്ചേർത്തു.
അധികം വൈകാതെ തന്നെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ശൈഖ് അബൂബക്കർ തിരിച്ചുവരുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. നാളെ മർകസ് നോളജ് സിറ്റിയിലെ മസ്ജിദിൽ നടക്കുന്ന ജുമുഅയിലും അലി അൽ ഹാശിമി പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.