എ.കെ. ശശീന്ദ്രന്‍റെ ക്ലോക്ക് ‘അടിച്ചുമാറ്റി’ പി.കെ. ശശീന്ദ്രൻ, പാളയത്തിൽ പട; നാലാമൂഴത്തിൽ എ.കെ.എസ് വാഴുമോ, വീഴുമോ?
text_fieldsകോഴിക്കോട്: പാർട്ടിയിൽ നിന്നുയർന്ന എതിർശബ്ദങ്ങളെ നിഷ്പ്രഭമാക്കി എലത്തൂരിൽ നാലാം അങ്കത്തിനിറങ്ങുന്ന, എ.കെ.എസ് എന്ന് അണികൾ ചുരുക്കപ്പേരിൽ വിളിക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രൻ ഇത്തവണ വാഴുമോ അതോ വീഴുമോ?. ക്ലോക്ക് ചിഹ്നത്തിൽ 38502 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് കഴിഞ്ഞതവണ ജയിച്ചുകയറിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ശശീന്ദ്രൻ കളത്തിലിറങ്ങിയതെങ്കിലും ഇത്തവണ കാര്യങ്ങളത്ര എളുപ്പമാവില്ലെന്നാണ് അണിയറയിലെ അടക്കംപറച്ചിൽ. അജിത്പവാർ ഗ്രൂപ്പിന് ജില്ലയിൽ കാര്യമായ അണികൾ ഇല്ലാത്തതിനാൽ എൻ.സി.പിയിലെ പിളർപ്പ് കാര്യമായി ബാധിക്കില്ലെന്നായിരുന്നു ശുഭാപ്തി വശ്വാസം. എന്നാൽ എ.കെ.എസിന്‍റെതെന്ന്, ജനമനസ്സിൽ പതിഞ്ഞ ക്ലോക്ക് ചിഹ്നവുമായി അപരൻ എത്തിയത് അപ്രതീക്ഷിത തിരിച്ചടിയായി. എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി.കെ. ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നത്തിൽ എ.കെ ശശീന്ദ്രന് അപരനായി മത്സരിക്കുന്നത്. എ.കെ. ശശീന്ദ്രൻ ‘കാഹളം മുഴക്കുന്ന മനുഷ്യന്‍’ ചിഹ്നത്തിലാണ് ജനവിധി തേടുന്നത്.
ക്ലോക്ക് ചിഹ്നം അനുവദിക്കണമെന്ന എ. കെ. ശശീന്ദ്രന്റെ ആവശ്യം നിരസിക്കപ്പെട്ടു. ഇതോടെ മൂന്നു തവണയും പടിപടിയായി ഭൂരിപക്ഷം ഉയർത്തിക്കൊടുത്ത ക്ലോക്ക് ചിഹ്നം ഇത്തവണ വില്ലനാവുമോ എന്ന ആശങ്കയിലാണ് എൽ.ഡി.എഫ് ക്യാമ്പ്. മാത്രമല്ല, പാർട്ടിയിലെ ഗ്രൂപ്പിസവും ഇത്തവണ മന്ത്രിക്ക് തിരിച്ചടിയാവുമെന്ന് എൻ.സി.പി പ്രവർത്തകർ തന്നെ തുറന്നുപറയുന്നു. ജില്ലയിൽ പാർട്ടിക്ക് ഇപ്പോൾ എ.കെ ശശീന്ദ്രൻ, മുക്കം മുഹമ്മദ്, പി.എൻ സുരേഷ് ബാബു എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളുണ്ട്. ഇതിൽ മറ്റ് രണ്ടു ഗ്രൂപ്പും എ.കെ.എസിന്‍റെ സ്ഥാനാർഥിത്വത്തെ അംഗീകരിച്ചിട്ടില്ല. മണ്ഡലം നഷ്ടപ്പെട്ടാലും എ.കെ.എസിന്‍റെ അധികാരമോഹം വെച്ചുപൊറുപ്പിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാടെന്ന് ജില്ലാകമ്മിറ്റി ഭാരവാഹികൾ തന്നെ പറയുന്നു. സ്ഥാർഥിത്വത്തിന് അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗവും പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മറ്റുനേതാക്കൾക്കായി മാറിക്കൊടുക്കണമെന്ന പാർട്ടിവികാരത്തിന് വഴങ്ങാതെ സ്ഥാനാർഥിത്വം ശശീന്ദ്രൻ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതിൽ പാർട്ടിയിലെ എതിർപ്പ് ശമിപ്പിക്കാൻ ശശീന്ദ്രന് കഴിഞ്ഞിട്ടില്ല.
പാർട്ടിയിലെ മറ്റ് രണ്ടു ഗ്രൂപ്പുകളും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമല്ല. എലത്തൂരിൽ മാത്രമല്ല, ജില്ലിയിലുടനീളം പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണ് പാർട്ടിലെ മറ്റ് രണ്ടുഗ്രൂപ്പുകളും. മാത്രമല്ല 80 കഴിഞ്ഞ മന്ത്രി വീണ്ടും ജനവിധി തേടുന്നതിൽ വോട്ടർമാരിലും ചെറുതല്ലാത്ത അതൃപ്തിയുണ്ട്.എന്‍.സിപിയിലെ അജിത് പവാര്‍ വിഭാഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ക്ലോക്ക് ചിഹ്നം അനുവദിച്ചതാണ് എലത്തൂരില്‍ വിചിത്രസാഹചര്യം സൃഷ്ടിച്ചത്.
നിയമസഭയിലേക്ക് കന്നിയങ്കത്തിറനങ്ങിയ യു.ഡി.എഫ് സ്ഥാനാർഥി വിദ്യാ ബാല കൃഷ്ണൻ പ്രചാരണത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ശശീന്ദ്രനെതിരെയുള്ള പാളയത്തിൽ പട മുതലെടുക്കാൻ യു.ഡി.എഫ് ശ്രമം നടത്തുന്നുണ്ട്. ശശീന്ദ്രനെതിരെയുള്ള ശക്തമായ പ്രാദേശിക വികാരം പരമാവധി ഉപയോഗപ്പെടുത്തിയാണ് യു.ഡി.എഫ് പ്രചാരണം. സ്ഥാനാർഥി വിദ്യാബാലകൃഷ്ണന് സ്ത്രീകളിൽനിന്നും യുവാക്കളിൽനിന്നും ലഭിക്കുന്ന സ്വീകാര്യതയും എൽ.ഡി.എഫ് കാമ്പിന്‍റെ ശുഭപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നു.
നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ് വിദ്യ. കോർപറേഷനിൽ രണ്ട് തവണ തുടർച്ചയായി കൗൺസിലറായ വിദ്യ മണ്ഡലത്തിൽ സുപരിചിതയാണ്. കെ.എസ്.യു താലൂക്ക് ഭാരവാഹിയായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന വിദ്യ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പിന്നീട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായ വിദ്യ പൊതു രംഗത്ത്സജീവമാണ്. ടി. ദേവദാസാണ് എൻ.ഡി.എ സ്ഥാനാർഥി. മണ്ഡലത്തിൽ ബി.ജെ.പി ചെറുതല്ലാത്ത വോട്ടുബാങ്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

