
‘ഓണ്‍ലൈന്‍ ആങ്ങളമാരോട് പറയാനുളളത്, പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം’; ലക്ഷ്മിപ്രിയയെ പരിഹസിച്ച് സന്ദിപ് വചസ്പതി
text_fieldsതനിക്കെതിരെ ആരോപണവുമായി രംഗത്തുവന്ന നടി ലക്ഷ്മിപ്രിയയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി. സന്ദീപ് വചസ്പതിയുടെ ആവശ്യപ്രകാരം പങ്കെടുത്ത ഓണാഘോഷ പരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ ആരോപണം. പ്രതിഫലം ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്നും ഓഗസ്റ്റ് 27-ന് നടന്ന സംഭവത്തില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പരാതി പരിഹരിച്ചിട്ടില്ലെന്നും ലക്ഷ്മിപ്രിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായി ‘ഓണ്‍ലൈന്‍ ആങ്ങളമാരോട് പറയാനുളളത്, പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം’ എന്നാണ് സന്ദീപ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്.
‘എന്‍എസ്എസ് കരയോഗത്തിന്റെ പരിപാടിയമായി ബന്ധപ്പെട്ടാണ് ലക്ഷ്മിയെ വിളിച്ചതെന്നും അവര്‍ 60,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ തന്നെ സംഘാടകര്‍ ഇത്രയും വലിയ തുകയുണ്ടാകില്ലെന്ന് അറിയിച്ചിരുന്നതായും സന്ദീപ് പറയുന്നു. ഇത് സംബന്ധിച്ച് തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ഇതിനപ്പുറം ഒന്നും പറയാനില്ലെന്നും സന്ദീപ് വാചസ്പതി ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
‘ചെങ്ങന്നൂരിലെ എന്‍എസ്എസ് കരയോഗത്തിന്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് അതിന്റെ സംഘാടകര്‍ ഒരു സെലിബ്രിറ്റിയെ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് മുന്ന് മാസം മുന്‍പാണ് ലക്ഷ്മിയെ വിളിച്ച് കാര്യങ്ങള്‍ പറയുകയും അവര്‍ സമ്മതിക്കുകയും ചെയ്തു. വിളിച്ചപ്പോള്‍ തന്നെ അവരോട് പറഞ്ഞിരുന്നു. ഇത് ഒരു കുഞ്ഞ് സ്ഥലവും ചെറിയ പരിപാടിയുമാണെന്ന്. വലുതായി പണമൊന്നും പ്രതീക്ഷിക്കരുതെന്നും. അതിന്റെ അടിസ്ഥാനത്തില്‍ തീര്‍ച്ചയായും വരാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു.
പിന്നീട് താന്‍ അറിയുന്നത് അവര്‍ പരിപാടിയുടെ ദിവസം അവിടെയെത്തിയ ശേഷമുള്ള കാര്യങ്ങളാണ്. ലക്ഷ്മി വിളിച്ചിട്ടു പറഞ്ഞു. താന്‍ അവിടെ പോയി. തനിക്ക് വളരെ കുറച്ച് പണം മാത്രമാണ് അവര്‍ തന്നത്. കാര്യങ്ങള്‍ അന്വേഷിച്ച് തിരികെ വിളിക്കാമെന്നും താന്‍ അവരെ അറിയിച്ചു. സംഘാടകരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ സംഘാടകര്‍ നല്‍കിയ പതിനായിരം അവരെ എല്‍പ്പിക്കുകയാണെന്ന് ലക്ഷ്മി തന്നെ അറിയിച്ചു. പണം തിരികെ ഏല്‍പ്പിക്കരുതെന്ന് പറഞ്ഞിട്ടും അവര്‍ പണം തിരിച്ചുനല്‍കുകയായിരുന്നു.
60,000 രൂപയാണ് ലക്ഷ്മി ആവശ്യപ്പെട്ടതെന്ന് സംഘാടകര്‍ പറഞ്ഞു. പണം സംബന്ധിച്ച് കാര്യങ്ങള്‍ സംസാരിച്ചത് അവര്‍ തമ്മിലാണ്. വലിയ തുക ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഇത്രയൊന്നും ഉണ്ടാവില്ലെന്നറിയിച്ചപ്പോള്‍ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞിരുന്നു. ചെറിയ തുകയാണ് ലഭിച്ചതെന്ന് അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ട് നമ്പര്‍ അയക്കാനും താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. സംഘാടകരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ 25,000 രൂപ കൊടുക്കാമെന്ന ധാരണയില്‍ ഇരിക്കുന്നതിനിടെയാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് തന്നെ വിളിക്കുന്നത്. വളരെ സൗഹാര്‍ദത്തോടെ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ അവര്‍ തന്നോട് അലറുകയായിരുന്നു. താനായിട്ട് ഇതുവരെ ആരെയും അറിയിച്ചിട്ടില്ല. ഇനി ഇത് അറിയിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ഫോണ്‍കട്ട് ചെയ്തതായും സന്ദീപ് പറഞ്ഞു
താന്‍ പണം വാങ്ങിയിട്ടുണ്ടോന്നോ, തനിക്കെതിരെ ഒരു ആരോപണവും പോസ്റ്റില്‍ ലക്ഷ്മി ഉന്നയിച്ചിട്ടില്ല. താന്‍ ഫോണ്‍ എടുത്തിട്ടില്ലെന്ന് പറയുന്നത് ലക്ഷ്മി തെറ്റാണ്. അത് അവര്‍ തിരുത്തുമെന്ന് കരുതുന്നു. പലരും ഇത്തരം ആളുകളെ വിളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആവശ്യമായ സഹായം ചെയ്തു കൊടുക്കാറുണ്ട്.
‘ഇതില്‍ ബിജെപിക്കോ ആര്‍എസ്എസിനോ ഒരു റോളുമില്ല. സഹപ്രവര്‍ത്തകര്‍ എതെരാവശ്യം ഉന്നയിച്ചാല്‍ ഇനിയും സഹായം തുടരും. ഇതിനപ്പുറം ഒരുവിശദീകരണം ഇല്ല. ഓണ്‍ലൈന്‍ ആങ്ങളമാരോട് പറയാനുളളത്. പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം’-സന്ദീപ് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
