വോട്ട് വഴിയിലെ സ്നേഹ സ്പർശം -സിറിയക് ചാഴികാടൻ
text_fieldsതൊടുപുഴ: കന്നിയങ്കക്കാരന്‍റെ ആശങ്കകളോടെയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയതെങ്കിലും വോട്ടർമാരെ നേരിൽ കണ്ടതോടെ ലഭിച്ച സ്നേഹവും സ്വീകരണവും എങ്ങനെ പറഞ്ഞറിയക്കണമെന്നറിയാതെ കുഴങ്ങുകയാണ് തൊടുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് ചാഴികാടൻ. ചുട്ടുപൊള്ളുന്ന വെയിലിൽ വീടുകൾ കയറി ഇറങ്ങുമ്പോൾ ചായയും ജ്യൂസും സംഭാരവുമൊക്കെയായി സ്വീകരിക്കാൻ ഓടിയെത്തിയ വീട്ടമ്മമാരുടെ സ്നേഹം തെരഞ്ഞെടുപ്പ് കാലത്തെ ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മയാണ്. പ്രചാരണ വഴികളിലൂടെ സഞ്ചരിക്കുന്നതിനിടെ തന്നെ കണ്ടയുടൻ ഓടിവന്ന് ആവേശത്തോടെ സംസാരിക്കുന്ന പ്രായമായവരും യുവാക്കളും കുട്ടികളും നൽകിയ ആത്മ വിശ്വാസം ചെറുതായിരുന്നില്ല. എതിരാളികൾ പോലും സ്നേഹത്തോടെ കൈപിടിക്കുന്നതും ചിലപ്പോൾ വിയോജിപ്പുകളുണ്ടെന്ന് മുഖത്ത് നോക്കി പറയുന്നതുമൊക്കെ തെരഞ്ഞെടുപ്പ് കാലത്തെ മാത്രം കൗതുക കാഴ്ചകളാണെന്ന് സിറിയക് പറഞ്ഞു.
പലപ്പോഴും ഭക്ഷണം പോലും ശരിക്ക് കഴിക്കാതെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രങ്ങളിലെത്തുന്നത്. ഒരു ഉൾനാടൻ മേഖലയിൽ ചെന്നപ്പോൾ തന്നോട് ഭക്ഷണം കഴിച്ചോ എന്ന് ഒരാൾ ചോദിച്ചു. അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും മറുപടി പറഞ്ഞില്ല. എന്നാൽ തന്നെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം രണ്ട് പൊറോട്ടയും കറിയും പൊതിഞ്ഞ് വണ്ടിയിൽ കൊണ്ട് വന്ന് തന്നിട്ട് പോകുന്നത് കണ്ണ് നിറഞ്ഞാണ് നോക്കി നിന്നത്. നഗരത്തിൽ ഒരിടത്ത് കുറച്ച് കുട്ടികൾ കൂടി നിൽക്കുന്നത് കണ്ട് വണ്ടി നിർത്തി. ഞങ്ങൾക്ക് ഒരു കളിസ്ഥലം റെഡിയാക്കാൻ കഴിയുമോ എന്നായിരുന്നു അവരുടെ ചോദ്യം. തെരഞ്ഞെടുപ്പിൽ ജയിച്ചാലും ഇല്ലേലും അതിന് വേണ്ടി തനിക്കാവും വിധം ചെയ്യുമെന്ന് അവർക്ക് ഉറപ്പ് നൽകി. തൊടുപുഴക്ക് സമീപം ഉണ്ടപ്ലാവ് എന്ന സ്ഥലത്ത് പ്രചാരണ വാഹനം എത്തുമ്പോൾ കാത്തു നിന്ന് കുട്ടികളടക്കമുള്ള വലിയ ജന വിഭാഗങ്ങളൊക്കെ ഒരിക്കലും മനസിൽ നിന്ന് മാഞ്ഞ് പോവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

