രാജ്യത്തെ സ്ഫോടനങ്ങൾക്കെല്ലാം ഒരേ ആഖ്യാനം- ടി. ആരിഫലി
text_fieldsസോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ജസ്റ്റിസ് ആൻഡ് സോളിഡാരിറ്റി സമ്മേളനം
ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: മാലേഗാവ് സ്ഫോടനം, സംഝോത എക്സ്പ്രസ് സ്ഫോടനം, മുംബൈ ട്രെയിൻ സ്ഫോടനം, മക്കാ മസ്ജിദ് സ്ഫോടനം എന്നിങ്ങനെ രാജ്യത്ത് നടന്ന സ്ഫോടനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഒരേ പാറ്റേൺ കാണാനാവുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച 'ജസ്റ്റിസ് ആൻഡ് സോളിഡാരിറ്റി’ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഫോടനം നടന്നാലുടൻ അതുമായി ബന്ധപ്പെട്ടൊരു ആഖ്യാനം പുറത്തിറങ്ങും, അതിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ഫോടനത്തിൽ നേരിട്ട് പങ്കാളികളായെന്നു പറഞ്ഞ് ആയിരക്കണക്കിന് മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് വിചാരണ തടങ്കലിലിടും, ജയിലിലിട്ട ശേഷം കഥകൾ മെനഞ്ഞുണ്ടാക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസിയുടെ കൈയ്യിൽ ആകെ ഇരുപതോ ഇരുപത്തഞ്ചോ കഥകളേയുള്ളൂ. ആ കഥകൾക്ക് അനുയോജ്യരായ ഇരകളെ അവർ കണ്ടെത്തുകയാണ്. അതിനു ശേഷം ചിലരെ മാപ്പുസാക്ഷികളാക്കി, കോടതിയിൽ സമർപ്പിച്ച് പരമാവധി പേർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ശ്രമമാണ് ദേശീയ അന്വേഷണ ഏജൻസി ഇത്രനാളും ചെയ്തുകൊണ്ടിരുന്നത്.
എന്നാൽ, ഈ സ്ഫോടനങ്ങളിലധികവും ആസൂത്രണം ചെയ്തത് മുസ്ലിം സംഘടനകളോ മുസ്ലിം നാമധാരികളോ അല്ല, മറിച്ച് ഇന്ത്യയിൽ വർഗീയധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിച്ച ഹൈന്ദവ തീവ്രവാദികളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ എല്ലാ മതക്കാർക്കുമുള്ളതാണെന്ന മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച ആശയമാണ് അദ്ദേഹത്തെ ആർ.എസ്.എസ് എതിർക്കുന്നതിന്റെയും വധിച്ചതിന്റെയും പ്രധാന കാരണമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഹർഷ് മന്ദർ ചൂണ്ടിക്കാട്ടി.
യു.എ.പി.എ,. സി.എ.എ, എൻ.ആർ.സി എന്നിങ്ങനെ കറുത്ത നിയമങ്ങൾ ആദ്യമുണ്ടാക്കുകയും പിന്നീട് മുസ്ലിംകളെ ലക്ഷ്യമിടുകയും ചെയ്യുന്നതാണ് ഭരണകൂടത്തിന്റെ രീതിയെന്ന് അഡ്വ. അബ്ദുൽ വാഹിദ് ശൈഖ് ചൂണ്ടിക്കാട്ടി. ഇന്നസെന്റ് നെറ്റ് വർക്ക് സ്ഥാപകനായ ഇദ്ദേഹം മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ ഒമ്പതു വർഷം ജയിലിൽ കിടന്ന് നിരപരാധിയാണെന്ന് തെളിഞ്ഞ് കുറ്റവിമുക്തനായ വ്യക്തിയാണ്. ഉദ്ഘാടന ചടങ്ങിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ്.ഐ.ഒ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്, ജി.ഐ.ഒ പ്രസിഡന്റ് കെ. ഷിഫാന തുടങ്ങിയവർ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ, നാഷനൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഡ്വ. മസീഹു സമാൻ അൻസാരി, അനീഷ് മുല്ലശ്ശേരി എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി രാജ്യത്തെ വിവിധ ഭീകരാക്രമണ കേസുകളിലുൾപ്പെടെ അകപ്പെട്ട് തടവിലാവുകയും പിന്നീട് നിരപരാധിത്വം തെളിഞ്ഞ് വിട്ടയക്കപ്പെടുകയും ചെയ്ത നിരവധി പേർ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് 'ഓറഞ്ച് ജംപ് സ്യൂട്ട്' എക്സിബിഷനും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

