Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

40 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ എൽ.പി സ്കൂള്‍ അനുവദിച്ചു

text_fields
bookmark_border
സ്കൂൾ കെട്ടിടം നിർമിക്കുന്നതുവരെ സമീപത്തെ മദ്റസ കെട്ടിടത്തിൽ പ്രവർത്തിക്കാം
40 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ എൽ.പി സ്കൂള്‍ അനുവദിച്ചു
cancel
camera_alt

എലമ്പ്രയിൽ എൽ.പി സ്കൂള്‍ അനുവദിക്കുന്നതിനായി നാട്ടുകാർ വാങ്ങിയ സ്ഥലം (ഫയൽ ചിത്രം)

മഞ്ചേരി: 40 വർഷത്തെ കാത്തിരിപ്പിന് വിരാമമായി മഞ്ചേരി നഗരസഭ പരിധിയിലെ പയ്യനാട് എലമ്പ്രയിൽ ഗവ. എൽ.പി സ്കൂളിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 2025 നവംബർ 25ന് സ്കൂള്‍ ആരംഭിക്കുന്നതിന് സർക്കാറിനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.

സ്കൂളിനായി നാട്ടുകാർ നടത്തിയ വർഷങ്ങള്‍ നീണ്ട പോരാട്ടവുമാണ് വിജയം കണ്ടത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതോടെ നടപടികള്‍ വേഗത്തിലായി. അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് എന്നിവർ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെ കണ്ട് സമ്മർദം ചെലുത്തിയതോടെയാണ് സർക്കാർ അധികാരത്തിലേറി നാല് മാസത്തിനകം സ്കൂള്‍ അനുവദിച്ചത്.

സ്കൂളിന് നാട്ടുകാർ ഒരേക്കർ സ്ഥലം വാങ്ങിയിരുന്നു. നിലവിൽ മദ്റസ സെക്രട്ടറിയുടെ പേരിലുള്ള ഈ സ്ഥലം സർക്കാറിന് വിട്ടുനൽകുന്നതോടെ സ്കൂളിന് പൂർണാനുമതി ലഭിക്കും. പുതിയ കെട്ടിടം പൂർത്തിയാകുന്നതുവരെ സമീപത്തെ നജാത്തുദ്ദീൻ സംഘത്തിന് കീഴിലെ മദ്റസ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കി താൽക്കാലികമായി സ്കൂൾ പ്രവർത്തിക്കാൻ അനുമതിയുണ്ട്.

വിട്ടുകിട്ടുന്ന ഭൂമിയിൽ മഞ്ചേരി നഗരസഭ ഫണ്ട് ഉപയോഗിച്ച് സ്ഥിരമായ സ്കൂൾ കെട്ടിടവും മറ്റു അനുബന്ധ സൗകര്യങ്ങളും നിർമിച്ച് നൽകും. കെട്ടിടം പൂർത്തിയാകുന്നതോടെ പ്രവർത്തനം അങ്ങോട്ട് മാറ്റും. സ്കൂൾ പ്രവർത്തനങ്ങൾക്കും അധ്യാപകരുടെ ശമ്പളത്തിനുമായി 1.22 കോടി രൂപ ചെലവ് വരുന്നതിനാൽ അധ്യാപകരെ തൽക്കാലം ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന എലമ്പ്രയിലെ കുട്ടികൾക്ക് പുതിയ സ്കൂൾ വരുന്നതോടെ പ്രാഥമിക വിദ്യാഭ്യാസം എളുപ്പത്തിൽ ലഭ്യമാകും. നിലവിൽ മൂന്ന് കിലോമീറ്റർ പരിധിയിൽ സ്കൂളുകളില്ല. കിലോമീറ്ററുകള്‍ താണ്ടിയാണ് വിദ്യാർഥികള്‍ പഠനം നടത്തുന്നത്. 14 അംഗ സ്കൂള്‍ കർമ സമിതിയാണ് നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 40 Year Wait Ends; LP School Approved In Elambra
Next Story