മനുഷ്യജീവിതത്തിലെ സന്ദിഗ്ധ മുഹൂര്‍ത്തങ്ങള്‍
text_fieldsരാമായണം ഭാരതത്തിന്‍െറമാത്രം സ്വത്താണെന്ന പഴയ വിശ്വാസത്തെ തകര്‍ത്തത് ഫാ. കാമില്‍ ഫുല്‍ക്കെ ആണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനപ്പുറത്ത് കിഴക്കന്‍ രാജ്യങ്ങളില്‍ രാമകഥയുടെ വ്യത്യസ്തമായ ആഖ്യാനങ്ങളുള്ളതായി അദ്ദേഹം കണ്ടത്തെി. ലോകം ഏറക്കുറെ ഒന്നായിരുന്ന കാലത്ത് മനുഷ്യസമൂഹങ്ങള്‍ നിര്‍ബാധം സഞ്ചരിക്കുകയും അവരുടെ മിത്തുകളും കഥകളും കൂടിക്കലരുകയും ചെയ്തിട്ടുണ്ട്. നാറാണത്ത് ഭ്രാന്തന്‍െറ കഥ ഗ്രീക് പുരാണത്തില്‍ സിസിഫസ് പുരാണമായി കാണുന്ന ഒരു ഉദാഹരണം മാത്രം. പഴയ പേര്‍ഷ്യന്‍ ഭാഷയില്‍ സംസ്കൃത പദങ്ങള്‍ നിലനില്‍ക്കുന്നതിന്‍െറ കാരണവും മനുഷ്യ സമൂഹങ്ങളുടെ പലായനത്തിന്‍െറ ഫലമാണ്.
രാമശബ്ദത്തിന് പേര്‍ഷ്യന്‍ ഭാഷയില്‍ മര്യാദക്കാരന്‍ എന്നാണര്‍ഥമെന്ന് പറയുന്നു. മലയാളത്തില്‍ കേസരി ബാലകൃഷ്ണപിള്ള ഭാഷാ ശാസ്ത്രത്തിന്‍െറയും ഐതിഹ്യത്തിന്‍െറയും ഉപാധികള്‍കൊണ്ട് മനുഷ്യവംശത്തിന്‍െറ ഏകലോക സംസ്കാരത്തെ കണ്ടത്തൊന്‍ ശ്രമിച്ചിട്ടുണ്ട്. ചിന്തകനായ ജി.എന്‍. പിള്ള തന്‍െറ സംഭാഷണങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നതും ഇതുതന്നെ. ‘വര്‍ഷ’ എന്ന പദം ആവര്‍ത്തിച്ച് ഉച്ചരിച്ചാല്‍ മഴ എന്ന് അര്‍ഥമുള്ള ‘ഷവര്‍’ എന്ന പദമായി മാറും എന്ന് കാണാം. ഇക്കാരണങ്ങളാല്‍ മനുഷ്യവംശത്തിന്‍െറയും ഭാഷയുടെയും കഥകളുടെയും പൈതൃകം സങ്കീര്‍ണമായ വിഷയമാണ്.
രാമശബ്ദത്തിന് പേര്‍ഷ്യന്‍ ഭാഷക്ക് തുല്യമായ അര്‍ഥമാണ് രാമായണകാരനും കല്‍പിക്കുന്നത്. കാവ്യത്തിന്‍െറ തുടക്കത്തില്‍തന്നെ അതു വ്യക്തമാക്കപ്പെടുന്നു. ഗുണങ്ങള്‍ തികഞ്ഞവനും വീര്യവാനും ധര്‍മജ്ഞനും സത്യവാക്യത്തില്‍ ഉറച്ചു നില്‍ക്കുന്നവനും ആയ ഒരാള്‍ ലോകത്തെവിടെയുണ്ട് എന്ന നാരദന്‍െറ ചോദ്യത്തിന് ഉത്തരമാണ് വാല്മീകിയുടെ രാമന്‍. അസാധാരണമായ ഈ ഗുണങ്ങള്‍ അന്ന് നിലവിലിരുന്ന ബ്രാഹ്മണ പൗരോഹിത്യത്തിന്‍െറ അലംഘനീയമായ നീതികളാണ്.
അതിന്‍െറ കാണാച്ചരടുകള്‍ വസിഷ്ഠന്‍ എന്ന ബ്രാഹ്മണ പ്രതീകത്തിന്‍െറ കൈകളിലാണെന്നും രാമന്‍ അതിന്‍െറ ബലിയാടായ വെറും രാജാവാണെന്നും രാമായണം തെളിയിക്കുന്നു. നിലവിലിരുന്ന ഈ വ്യവസ്ഥയോട് നീതി പുലര്‍ത്തുന്ന കാവ്യം എന്ന നിലയില്‍ വാല്മീകിയുടെ രാമായണം മനുഷ്യ ജീവിതത്തിലെ സന്ദിഗ്ധ മുഹൂര്‍ത്തങ്ങളെ ചേതോഹരമായി അവതരിപ്പിക്കുന്നു എന്നത് നിസ്തര്‍ക്കമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
