ജടായുവിന്‍െറ രക്തസാക്ഷിത്വം
text_fieldsപ്രതിനായകനായ രാവണന്‍ തന്‍െറ വിശ്വരൂപം കാട്ടുന്ന സ്തോഭജനകമായ കഥാഭാഗമാണ് സീതാപഹരണം. ധാരാളം മാനുകളെ കണ്ടിട്ടുള്ള സീത തന്‍െറ മുന്നില്‍ വന്ന പ്രലോഭനീയമായ സ്വര്‍ണമാനിനെ പിടിക്കാന്‍ ശ്രീരാമനെ പറഞ്ഞയച്ചശേഷം ഘോരവനത്തിലെ ആശ്രമത്തില്‍ ഒറ്റക്കിരിക്കാന്‍ ധൈര്യം കാട്ടുന്നു. രാമനെ അന്വേഷിച്ചുപോകാന്‍ സീതയാല്‍ നിര്‍ബന്ധിതനായ ലക്ഷ്മണന്‍ വരച്ചിട്ട നിരോധ രേഖക്കരികിലേക്കാണ് ഭിക്ഷാംദേഹിയുടെ രൂപം ധരിച്ച രാവണന്‍െറ വരവ്. രേഖ ലംഘിക്കാന്‍ രാവണനും നിവൃത്തിയില്ല. ഫലമൂലാദികള്‍ നല്‍കാന്‍ പുറത്തേക്കുവന്ന സീതയെ ഞൊടിയിടയില്‍ രാവണന്‍ പിടിച്ച് തേരില്‍കയറ്റിക്കൊണ്ടുപോകുന്നു.
(പ്രാചീനകാലത്തെ ‘വിമാനം’ വേഗമേറിയ രഥത്തിന്‍െറ പര്യായമാണെന്ന് അനുമാനിക്കാം). അതിവേഗത്തില്‍ ഓടിച്ചുപോയ രഥത്തിലിരുന്ന് വിലപിച്ച സീതയോട് സ്വയം പരിചയപ്പെടുത്തിയശേഷം രാവണന്‍ ഇങ്ങനെ പറയുന്നു. ‘നിന്‍െറ സൗന്ദര്യമാണ് എന്നെ ഇങ്ങോട്ട് ആകര്‍ഷിച്ചത്. എന്‍െറ പട്ടമഹിഷിയാക്കി വാഴിക്കാന്‍ ഞാന്‍ നിന്നെ കൊണ്ടുപോകയാണ്. ഭവതിയുടെ ഈ അലൗകിക ലാവണ്യം വനകുസുമം പോലെ കൊഴിഞ്ഞുപോകാന്‍ ഞാന്‍ അനുവദിക്കുകയില്ല’.
ഈ വാക്കുകളെ സീത ധീരമായി നേരിട്ടു: ‘എടാ രാക്ഷസാധമാ! ശ്രീരാമന്‍ നിന്നെയും നിന്‍െറ വംശത്തെയും സമൂലം ഇല്ലാതാക്കി ഇതിന് പ്രതികാരം ചെയ്യും’. സീതാ വിലാപം കേട്ട് ഗുഹയിലിരുന്ന ജടായു എന്ന പക്ഷിശ്രേഷ്ഠന്‍ പറന്നുയര്‍ന്ന് രാവണനോട് യുദ്ധം ചെയ്യുകയും രഥത്തിന് പരിക്കേല്‍പിക്കുകയും ചെയ്യുന്നു.
ജടായു-രാവണയുദ്ധം വരാനിരിക്കുന്ന രാമ-രാവണയുദ്ധത്തിന്‍െറ സൂചനയായി കണക്കാക്കാം. ഇക്ഷ്വാകുവംശത്തിന്‍െറ അഭ്യുദയകാംക്ഷിയായ ജടായുവിന്‍െറ രക്തസാക്ഷിത്വത്തില്‍ സാത്വിക-താമസഭാവങ്ങളുടെ പൊരുള്‍ അടങ്ങിയിരിക്കുന്നു. ഇതിവൃത്തത്തിന്‍െറ പൊതുവായ ധാരയില്‍നിന്ന് സീത അപ്രത്യക്ഷമാവുമ്പോള്‍ രാമ-രാവണന്മാര്‍ വര്‍ധിതവീര്യന്മാരായി തീരുകയാണ്. എല്ലാ സംഭവങ്ങളെയും കൂട്ടിയോജിപ്പിച്ചിരിക്കുന്നത് ദിനരാത്രങ്ങളുടെ പരിക്രമണം പോലെയാണ്. വാല്മീകിയുടെ ഭാവനാചക്രവാളത്തില്‍ പ്രകൃതിയുമായുള്ള ബിംബയോജന എല്ലായിടത്തും കാണാം. രാവണന്‍ സീതയെ അപഹരിച്ചതിനെ
ചന്ദ്രസൂര്യ പരിഹീനയാം സന്ധ്യയെ
അന്ധകാരം കണക്കെ ദശകന്ധരന്‍
എന്ന് വര്‍ത്തിക്കുമ്പോള്‍ സീതയെ ജീവിതത്തിലെ സൂര്യചന്ദ്രന്മാര്‍ (രാമ-ലക്ഷ്മണന്‍) താല്‍ക്കാലികമായി അസ്തമിച്ചിരിക്കുന്നു എന്നും രാവണന്‍ എന്ന അന്ധകാരം ഭൂമിയെ ഗ്രസിച്ചിരിക്കുന്നെന്നും അര്‍ഥം. സൂര്യചന്ദ്രന്മാര്‍ അപ്രതിരോധ്യരും ഇരുട്ട് പ്രതിരോധ്യവുമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
