ഭക്ഷണാവശിഷ്ടം താഴെ വീണതിന് യുവാവിനെ ബസ് ജീവനക്കാർ തലക്കടിച്ചു കൊലപ്പെടുത്തി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ഔട്ടർ നോർത്ത് ജില്ലയിൽ ഭക്ഷണാവശിഷ്ടം സീറ്റിൽ തെറിച്ചതിൽ പ്രകോപിതരായ ബസ് ജീവനക്കാർ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. സർക്കാർ ഗതാഗത വിഭാഗമായ ആർ.ടി.വി ബസിൽ വെച്ചാണ് ഡ്രൈവറും സഹായികളും ചേർന്ന് യുവാവിനെ അതിക്രൂരമായി ആക്രമിച്ചത്.
പാചക തൊഴിലാളിയായ മനോജ് (35) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പു കമ്പി കുത്തിക്കയറ്റിയ അക്രമികൾ മൃതദേഹം കനാലിൽ എറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി ഒന്നിന് രാത്രി പാചക ജോലി കഴിഞ്ഞ് ബാക്കിയുള്ള ഭക്ഷണം പാക്ക് ചെയ്ത് ബസിൽ വരികയായിരുന്നു മനോജും സുഹൃത്തും. ബവാന ചൗക്കിൽ എത്തുന്നതിനിടെ അബദ്ധത്തിൽ കുറച്ച് ഭക്ഷണം ബസിലെ സീറ്റിലും തറയിലും വീഴുകയായിരുന്നു. ഇത് ഡ്രൈവറെയും സുഹൃത്തുക്കളെയും പ്രകോപിപ്പിച്ചു. ബവാന ചൗക്കിൽ മനോജിന്റെ സുഹൃത്തിനെ ബസ് ജീവനക്കാർ ഇറക്കിവിട്ടു. ഷർട്ട് ഉപയോഗിച്ച് കറി വൃത്തിയാക്കാൻ അവർ മനോജിനോട് ആവശ്യപ്പെട്ടു.
തുടർന്ന് അവർ മനോജിനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നെന്ന് ഡി.സി.പി (ഔട്ടർ നോർത്ത്) നിധിൻ വൽസൺ പറഞ്ഞു. തുടർന്ന് ഡ്രൈവർ ആശിഷ് വടി എടുത്ത് മനോജിന്റെ സ്വകാര്യ ഭാഗങ്ങളിൽ കുത്തിക്കയറ്റുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മനോജ് ബോധരഹിതനായി. ഡ്രൈവർ കൂട്ടാളികളോടൊപ്പം ചേർന്ന് ബവാന ഫ്ലൈഓവറിന് സമീപം മൃതദേഹം വലിച്ചെറിഞ്ഞ ശേഷം സ്ഥലം വിടുകയായിരുന്നെന്ന് ഡി.സി.പി പറഞ്ഞു.
ഫെബ്രുവരി രണ്ടിന് ബവാന ഫ്ലൈഓവറിന് സമീപം അജ്ഞാത പുരുഷ മൃതദേഹം പൊലീസ് കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്ന്, ബവാന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കേസ് തെളിയിക്കാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച പൊലീസ് പ്രതികളിലൊരാളായ കരാല നിവാസിയായ സുശാന്ത് ശർമ്മയെ (24) ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഡ്രൈവർ ഉൾപ്പെടെ ബാക്കിയുള്ള രണ്ട് പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് സംഘങ്ങൾ തിരച്ചിൽ നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

