'ബുൾഡോസറിനെക്കുറിച്ച് സംസാരിക്കാൻ എളുപ്പം, ഓടിക്കാൻ മനക്കരുത്ത് വേണം': യോഗി
text_fieldsലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ഒരുക്കങ്ങൾ സജീവമാകുന്നതിനിടെ, ബുൾഡോസർ പരാമർശത്തിലൂടെ വിമർശകർക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്. ബുൾഡോസറിനെക്കുറിച്ച് സംസാരിക്കാൻ എളുപ്പമാണെന്നും എന്നാൽ അത് ഓടിക്കാൻ മനക്കരുത്തും നിശ്ചയദാർഢ്യവും വേണമെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ പരാമർശം.
"ബുൾഡോസറുകളെക്കുറിച്ച് സംസാരിക്കാൻ എളുപ്പമാണ്. എന്നാൽ എല്ലാവർക്കും അതിന്റെ സ്റ്റിയറിങ് കൈകാര്യം ചെയ്യാനാകില്ല. ബുൾഡോസർ ഓടിക്കാൻ ഒരു നിശ്ചിത അളവിലുള്ള മനക്കരുത്ത് വേണം. എടുത്ത തീരുമാനവുമായി മുന്നോട്ടുപോകാനുള്ള നിശ്ചയദാർഢ്യവും വേണം" - യോഗി ആദിത്യനാഥ് പറഞ്ഞു. ഇതോടെ, യോഗി സർക്കാരിന്റെ രാഷ്ട്രീയ പ്രതിച്ഛായയുടെ പ്രധാന അടയാളങ്ങളിലൊന്നായ ബുൾഡോസർ വീണ്ടും ചർച്ചയായി.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടുത്തിടെ നടത്തിയ ഗോരഖ്പൂർ സന്ദർശനത്തെയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുളള അദ്ദേഹത്തിന്‍റെ അവകാശവാദങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു യോഗിയുടെ മറുപടി. പ്രതിപക്ഷം മുൻപും ഗോരഖ്പൂരിൽ ബുൾഡോസർ പ്രയോഗം രാഷ്ട്രിയ ആയുധമാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൊരഖ്പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമാജ്‌വാദി പാർട്ടി അധികാരത്തിലിരുന്നപ്പോഴും ബിജെപി വിജയിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു. അന്ന് എസ്പി സ്ഥാനാർഥികൾക്ക് കെട്ടിവെച്ച പണം പോലും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. 2017ലും 2022ലും ഇതേ സാഹചര്യമുണ്ടായി. 2024ലും ഗൊരഖ്പൂരിലെ എല്ലാ സീറ്റുകളിലും ബിജെപി വിജയിച്ചു. ഗൊരഖ്പൂരിൽ മാത്രമല്ല, ഉത്തർപ്രദേശ് മുഴുവൻ ഇതേ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉത്തർപ്രദേശിൽ യോഗി സർക്കാരിന്റെ ഭരണത്തിന്റെ പ്രധാന രാഷ്ട്രീയ അടയാളങ്ങളിലൊന്നായി ബുൾഡോസർ മാറിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾക്കും അനധികൃത കൈയേറ്റങ്ങൾക്കുമെതിരായ നടപടിയായാണ് യോഗി ഭരണകൂടം ബുൾഡോസർ നടപടികളെ വിശേഷിപ്പിക്കുന്നത്. സ്വത്തുക്കൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു.
എന്നാൽ, 2024 നവംബറിൽ ശിക്ഷാനടപടിയെന്ന നിലയിലുള്ള പൊളിച്ചുനീക്കലുകൾക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടി, നിയമനടപടികൾ പാലിക്കാതെയുള്ള ഇത്തരം നടപടികളെയും തെരഞ്ഞെടുത്തുള്ള വേട്ടയാടലുകളെയും പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും നിരന്തരം വിമർശിക്കുന്നുണ്ട്.

