Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യോഗിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ പോരാടി; മാധ്യമപ്രവർത്തകന് ജയിലിൽ അന്ത്യം

text_fields
bookmark_border
Gorakhpur District Jail in Uttar Pradesh where activist Parvez Parwaz passed away.
cancel

ഗോരഖ്പൂർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ 2007-ലെ ഗോരഖ്പൂർ വർഗീയ കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗക്കേസിൽ ദീർഘകാലം നിയമപോരാട്ടം നടത്തിയ മുൻ മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ പർവേസ് പർവാസ് (72) ഗോരഖ്പൂർ ജില്ലാ ജയിലിൽ അന്തരിച്ചു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും അലട്ടിയിരുന്ന അദ്ദേഹത്തിന് ശനിയാഴ്ച രാത്രി ശ്വാസതടസ്സം അനുഭവപ്പെടുകയും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരണം സ്ഥിരീകരിക്കുകയുമായിരുന്നുവെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.

കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെയാണ് പർവാസിന്റെ മരണം. എന്നാൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയുള്ള വിദ്വേഷ പ്രസംഗക്കേസ് വിടാതെ പിന്തുടർന്നതിന്റെ പ്രതികാരമായി പർവാസിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതാണെന്ന ആരോപണങ്ങൾ അദ്ദേഹത്തിന്റെ മരണത്തോടെ വീണ്ടും ശക്തമായി ഉയർന്നിട്ടുണ്ട്.

യോഗിയുടെ പ്രസംഗവും 11 വർഷത്തെ നിയമപോരാട്ടവും

2007 ജനുവരി 27-ന് മുഹറം ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന്, നിരോധനാജ്ഞ ലംഘിച്ച് ഗോരഖ്പൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ യോഗി ആദിത്യനാഥ് നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. 'ഒരു ഹിന്ദുവിന്റെ രക്തം വീണാൽ പകരം പത്തുപേരെ കൊല്ലും' എന്നതടക്കമുള്ള പ്രകോപനപരമായ പ്രസംഗത്തിന്റെ വീഡിയോ തെളിവുകൾ സഹിതം പർവേസ് പർവാസാണ് യോഗിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

തുടർന്ന് വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ, യോഗി മുഖ്യമന്ത്രിയായതോടെ 2017-ൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ യു.പി സർക്കാർ അനുമതി നിഷേധിച്ചു ('യോഗി യോഗിയെ രക്ഷിച്ചു' എന്ന പേരിൽ ഇത് വലിയ വിവാദമായിരുന്നു). തുടർന്ന് ഹൈകോടതിയും സുപ്രീംകോടതിയും സർക്കാരിന്റെ ഈ തീരുമാനം ശരിവെക്കുകയായിരുന്നു.

കള്ളക്കേസും ശിക്ഷയും

യോഗിക്കെതിരായ കേസ് മുന്നോട്ട് കൊണ്ടുപോയതിന് പിന്നാലെ 2018-ലാണ് പർവാസിനെതിരെ അവിശ്വസനീയമായ സാഹചര്യത്തിൽ ബലാത്സംഗ പരാതി വരുന്നത്. പരാതി വന്നയുടൻ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജാമ്യം പോലും നൽകാതെ ജയിലിലടയ്ക്കുകയും ചെയ്തു.

2020-ൽ വിചാരണക്കോടതി ഇദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഭരണകൂടത്തിന്റെ അന്യായങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ കള്ളക്കേസുകളിൽ കുടുക്കി ജയിലറകളിലാക്കി നിശ്ശബ്ദരാക്കുന്ന ഉത്തർപ്രദേശിലെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയാണ് പർവേസ് പർവാസ് എന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം അവസാനം ജയിലറയിലെ ദാരുണ മരണത്തിലാണ് കലാശിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yogi Adityanath Hate Speech Case Petitioner Parvez Parwaz Dies in UP Jail
Next Story