യമുനയിലെ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, ഡൽഹിയിൽ ആശങ്ക
text_fieldsന്യൂഡൽഹി: യമുനയിലെ ജല നിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതായി അധികൃതർ അറിയിച്ചു. യമുനയുടെ ജലനിരപ്പ് 668.5 അടിയായി കുറഞ്ഞതായാണ് അധികൃതർ വ്യക്തമാക്കിയത്. സാധാരണ ജലനിരപ്പായ 674.5 അടിയിൽ നിന്ന് ആറ് അടി താഴെയാണിത്.
വസീറാബാദ് അണക്കെട്ടിൽ ആഴമുള്ള പ്രദേശത്ത് വെള്ളത്തിന്റെ അളവ് കുത്തനെ കുറഞ്ഞതായാണ് വിവരം. വസീറാബാദിലെയും ചന്ദ്രവാളിലെയും ജലശുദ്ധീകരണ പ്ലാന്റുകളിലേക്ക് ഇവിടെനിന്നാണ് വെള്ളം ശേഖരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യമുനയിലെ ജലനിരപ്പ് ക്രമാനുഗതമായി കുറഞ്ഞുവരികയാണ്.
അതേസമയം 2021 ജൂലൈ 16ന് രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 667 അടിയിൽ യമുന എത്തിയതായി ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. ഡൽഹി വാട്ടർബോർഡ് ജല വിതരണം 14 മുതൽ 15ശതമാനം വരെ ഇതിനകം കുറച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ ന്യൂഡൽഹിയിലെ പല പ്രദേശങ്ങളിലും കുടിവെള്ള പ്രതിസന്ധി അനുഭവപ്പെട്ടു തുടങ്ങിയെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ഉദ്യോഗസ്ഥർ പറഞ്ഞു. 148 ദശലക്ഷം ലിറ്റർ വെള്ളം വേണ്ടിടത്ത് പ്രതിദിനം 125 ദശലക്ഷം ലിറ്റർ വെള്ളം മാത്രമേ വിതരണം ചെയ്തിട്ടുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കൂടുതൽ വെള്ളം സംഭരിക്കുന്നതിനായി ഹരിയാന സർക്കാരുമായി ചർച്ച നടത്തിവരികയാണെന്നും വരും ദിവസങ്ങളിൽ പരിഹാരമുണ്ടാവുമെന്നും ഡൽഹി സർക്കാറിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. മോഡൽ ടൗൺ, ഷാദിപൂർ, തിലക് നഗർ, പര്യാവരൺ കോംപ്ലക്സ്, നരേലയുടെ ചില ഭാഗങ്ങൾ, പുൽ പ്രഹ്ലാദ്പൂർ, പട്ടേൽ നഗർ, ദക്ഷിണപുരി, രജീന്ദർ നഗർ എന്നിവിടങ്ങളിൽ രൂക്ഷമായ ജലക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

