ഡൽഹി കെട്ടിടം തകരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തൊഴിലാളി മുന്നറിയിപ്പ് നൽകി
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല സൗത്ത് കാമ്പസിന് സമീപത്തുള്ള സത്യനികേതനിൽ അഞ്ച് നിലകളുള്ള ബോയ്സ് പേയിങ് ഗെസ്റ്റ് (പി.ജി) ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ദുരന്തം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പുതന്നെ, കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും നിർമാണ പ്രവർത്തനം താങ്ങാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി തൊഴിലാളി പി.ജി ഓപറേറ്ററെ ഫോണിൽ വിളിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി ഡൽഹി പൊലീസ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച അറസ്റ്റിലായ പി.ജി നടത്തിപ്പുകാരൻ സുധാൻഷുവിനെ ചോദ്യം ചെയ്തപ്പോഴാണ് മുന്നറിയിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കെട്ടിടത്തിന്റെ അടിത്തറക്ക് അധിക നിലകളുടെ ഭാരം താങ്ങാൻ ശേഷിയില്ലാത്തതിനാൽ നവീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകരുതെന്ന് താൻ കെട്ടിട ഉടമയുടെ മകനോട് ആവശ്യപ്പെട്ടിരുന്നതായി സുധാൻഷു പൊലീസിനോട് പറഞ്ഞു.
ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദം നേടിയ സുധാൻഷു 2022ലാണ് വിദ്യാർഥികളെ ലക്ഷ്യമിട്ട് പി.ജി ബിസിനസ് ആരംഭിച്ചത്. അപകടത്തിന് പിന്നാലെ ഇയാൾ സ്ഥലത്തെത്തിയിരുന്നെങ്കിലും വിദ്യാർഥികളുടെ പ്രതിഷേധം ഭയന്ന് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബുറാഡിയിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് പൊലീസിന്റെ പിടിയിലാകുന്നത്. ദുരന്തത്തെ തുടർന്ന് ഭയന്ന വിദ്യാർഥികൾ സമീപത്തെ പല പി.ജി കെട്ടിടങ്ങളും ഒഴിഞ്ഞുപോവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

