വനിതാ സംവരണ മൂടുപടമിട്ട മണ്ഡല പുനർനിർണയ ബിൽ ചാണക്യ തന്ത്രമോ സെൽഫ് ഗോളോ?
text_fieldsന്യൂഡൽഹി: പാർലമെന്റിന്റെ ചരിത്രത്തിലാദ്യമായി ബജറ്റ് സമ്മേളനത്തിന്റെ മൂന്നാം പാദം പ്രത്യേകമായി വിളിച്ചുചേർത്ത് വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയ അജണ്ട നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുൻകൈയെടുത്ത് നടത്തിയ നീക്കം ചാണക്യ തന്ത്രമോ അതോ സെൽഫ് ഗോളോ? കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ബി.ജെ.പിയുടെ വനിതാ നേതാക്കളെയും പ്രവർത്തകരെയും കൊണ്ടുവന്ന് പാർലമെന്റിന്റെ സന്ദർശക ഗാലറിയിലിരുത്തി വിവാദ ബിൽ വലിയ ആഘോഷമാക്കുകയായിരുന്നു ബി.ജെ.പി. ഖജനാവിൽനിന്ന് കോടികൾ ചെലവിട്ട് പാർലമെന്റ് വിളിച്ചുചേർത്തതിന് പുറമെ പാർട്ടി എന്ന നിലക്ക് ഈ മൂന്ന് ദിവസങ്ങളിലായി ‘വനിതാ ബിൽ’ പ്രചാരണത്തിനായി ബി.ജെ.പി ചെലവിട്ട കോടികൾകൂടി കാണുമ്പോഴാണ് സർക്കാർ ജയിക്കാൻ വന്ന് സെൽഫ് ഗോളടിച്ച് തോറ്റതാണോ തോൽക്കാനായി വന്ന് അത് വിഷയമാക്കി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാണോ എന്ന ചോദ്യമുയരുന്നത്.
2024ലെ പൊതുതെരഞ്ഞെടുപ്പോടെ സ്വന്തം നിലക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട് സഖ്യകക്ഷികളുടെ സഹായത്തോടെ അധികാരത്തിലേറിയ മൂന്നാം മോദി സർക്കാറിന്റെ പ്രതിച്ഛായ ദേശീയ അന്തർദേശീയ രാഷ്ട്രീയ സാഹചര്യങ്ങളാൽ വീണ്ടും മോശമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് എസ്.ഐ.ആർ നടപ്പാക്കി മണ്ഡല പുനർനിർണയത്തിന് കൂടി വഴിയൊരുക്കുന്നത്. ബിൽ പാസാക്കിയാൽ അസമിൽ ചെയ്തതുപോലെ തങ്ങൾ ഇച്ഛിക്കുന്ന തരത്തിൽ മണ്ഡല പുനർനിർണയം നടത്തി 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അനായാസം ജയിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി. 2023ലെ വനിതാ ബിൽ പാസാക്കാൻ പ്രതിപക്ഷം നിർബന്ധിതമായപോലെ പശ്ചിമ ബംഗാളിലെയും തമിഴ്നാട്ടിലെയും നിയമസഭാ വോട്ടെടുപ്പിന് തൊട്ടുമുമ്പും ബില്ലിന് അനുകുലമായി കൈപൊക്കാൻ പ്രതിപക്ഷം നിർബന്ധിതമാകുമെന്നായിരുന്നു മോദിയും അമിത് ഷായും കണക്കുകൂട്ടിയത്. എന്നാൽ, പ്രതിപക്ഷം കാണിച്ച ഐക്യബോധത്തിന്റെ കെട്ടുറപ്പിൽ തട്ടി ആ പ്രതീക്ഷ ആദ്യദിവസംതന്നെ തകർന്നു. അതോടെ 50 ശതമാനം എല്ലാ സംസ്ഥാനങ്ങൾക്കും മണ്ഡല വർധന അനുവദിക്കാമെന്ന വാഗ്ദാനവുമായി സർക്കാർ വിലപേശി. തത്ത്വത്തിൽ അംഗീകരിക്കാമെങ്കിലും ബില്ലില്ലാത്ത വാഗ്ദാനം വിശ്വസിക്കില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ഇതും തള്ളി.
അങ്ങനെയാണ് 16ന് രാത്രി 10.55ന് അവസാന ഭീഷണിയായി 2023ലെ വനിതാ സംവരണ ബിൽ പ്രാബല്യത്തിൽ വരുത്തിയ വിജ്ഞാപനമിറക്കുന്നത്. അതുപ്രകാരം 2027 സെൻസസ് നോക്കി 2031ൽ മണ്ഡല പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ നഷ്ടമാകും എന്നായിരുന്നു മുന്നറിയിപ്പ്. അതിന് 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയണമല്ലോ എന്ന് മനസ്സിലാക്കിയ പ്രതിപക്ഷം ആ ഭീഷണിക്കും വഴങ്ങാതിരുന്നതാണ് സർക്കാറിന് കനത്ത തിരിച്ചടിയായത്.
ആ വീഴ്ച വിദ്യയാക്കുന്നതിനാണ് ബി.ജെ.പി നേതാക്കൾ വേദികളിലും അണികൾ തെരുവിലുമിറങ്ങി വലിയ പ്രചാരണം തുടങ്ങിയത്. ഇതിലൂടെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലും 2027ൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും വനിതാവോട്ടുകൾ പെട്ടിയിലാക്കാൻ ബി.ജെ.പിക്കാവുമെന്നാണ് ന്യായം. എന്നാൽ 41 ശതമാനം വനിതകളെ മമതാ ബാനർജി ലോക്സഭയിലെത്തിച്ച ബംഗാളിൽ ഇത് വിലപ്പോവില്ല. തമിഴ്നാട്ടിലാകട്ടെ കേരളത്തിൽ എഫ്.സി.ആർ.എ പോലെ മണ്ഡല പുനർനിർണയം സെൽഫ് ഗോളായി മാറുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

