'രാത്രി 10 മണിക്കും സ്ത്രീകൾക്ക് റോഡിലിറങ്ങി നടക്കാം, ഭയം വേണ്ടത് കുറ്റവാളികൾക്ക്'; ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ കർശന മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ സ്ത്രീകൾക്ക് പൂർണ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. രാത്രി 10 മണിക്ക് റോഡിലൂടെ നടക്കുമ്പോഴോ മെട്രോയിലോ മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴോ രാജ്യത്തെ ഓരോ സ്ത്രീയും സുരക്ഷിതയാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. പർഡിവാലയുടെ നേതൃത്തിലുള്ള ബെഞ്ചാണ് ഡൽഹി-എൻ.സി.ആർ മേഖലയിൽ അടുത്തിടെ വർധിച്ചുവരുന്ന സ്ത്രീ പീഡന സംഭവങ്ങളിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത്.
രാജ്യതലസ്ഥാനത്ത് സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുമെതിരെ അടുത്തകാലത്തായി ഉണ്ടാകുന്ന അതിക്രമങ്ങൾ അതീവ ഗൗരവത്തോടെയാണ് കോടതി നോക്കികാണുന്നത്. കൽക്കാജിക്കടുത്തുള്ള ആസ്ഥ കുഞ്ച് പാർക്കിൽ 17കാരിയായ പെൺകുട്ടി കൂട്ടബലാൽത്സംഗത്തിന് ഇരയായതും, സ്വരൂപ് നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതും, ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന ബസിൽ വെച്ച് 16 കാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതുമുൾപ്പെടെയുള്ള സംഭവങ്ങളിൽ കഴിഞ്ഞ സെപ്റ്റംബർ 28-നാണ് കോടതി സ്വമേധയാ കേസെടുത്തത്. പൊതുസ്ഥലങ്ങളും പാർക്കുകളും റോഡുകളും ബസുകളും ഉയർന്ന അപകടസാധ്യതയുള്ള മേഖലകളായി മാറാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി 2012 ലെ നിർഭയ സംഭവത്തിൽ നിന്ന് അധികാരികൾ എന്ത് പാഠമാണ് ഉൾക്കൊണ്ടതെന്നും ചോദിച്ചു.
കാലങ്ങളായി ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും അന്തസ്സോടെയുള്ള ജീവിതവും പൊതുസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോടതി ഓർമ്മിപ്പിച്ചു. ഡൽഹി സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുള്ള അടിസ്ഥാനപരമായ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ച കനത്ത തിരിച്ചടിയാണെന്ന് വിമർശിച്ച കോടതി പൊതുസ്ഥലങ്ങളിൽ സമഗ്രമായ സുരക്ഷാ പരിശോധന നടത്താൻ ഉത്തരവിടുകയും ചെയ്തു. രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് ഭയമില്ലാതെ പുറത്തിറങ്ങി നടക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് പൊലീസിന്റെയും ഭരണകൂടത്തിന്റെയും പ്രധാന ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

