'ഞാൻ ജീവനോടെയുണ്ട്, മരിച്ചിട്ടില്ല'; ഥാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷപ്പെട്ട യുവതി പറയുന്നു
text_fieldsന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ നിർമൽ വിഹാറിലുള്ള മഹീന്ദ്ര ഷോറൂമിൽ നിന്ന് പുതിയ ഥാർ റോക്സ് പുറത്തേക്കിറക്കുന്നതിനിടെ അബദ്ധത്തിൽ ആക്സിലേറ്റർ ചവിട്ടിയതിനെ തുടർന്ന് വാഹനം ഒന്നാംനിലയിൽ നിന്ന് താഴേക്ക് വീണിരുന്നു. എയർബാഗുകൾ പ്രവർത്തിച്ചതിനാൽ വണ്ടി ഓടിച്ചിരുന്ന യുവതിക്കും ഒപ്പമുണ്ടായിരുന്നു ജീവനക്കാരനും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ല. ദേശീയതലത്തിൽ വലിയ ചർച്ചയായ സംഭവമായിരുന്നു ഇത്. അപകടത്തിൽ വാഹനമോടിച്ചിരുന്ന യുവതി മരിച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ആ പ്രചാരണങ്ങൾ തള്ളി രംഗത്തുവന്നിരിക്കുകയാണ് വാഹനമോടിച്ചിരുന്ന മാനി പവാർ എന്ന യുവതി.
അപകടത്തിൽ പെട്ട യുവതിയുടെ എല്ലുകൾ ഒടിഞ്ഞുവെന്നും മൂക്കിന് പരിക്കേറ്റുവെന്നും പ്രചാരണമുണ്ടായി. എന്നാൽ ദയവായി ഈ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും താൻ പോറൽ പോലും ഏൽക്കാതെ ജീവനോടെ ഉണ്ടെന്നുമാണ് മാനി പവാർ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ ലൈക്കും വ്യൂസും കിട്ടാനായി ആളുകൾ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും ദയവായി അതൊന്നും ആരും വിശ്വസിക്കരുതെന്നും മാനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നുണ്ട്.
''അപകടം നടക്കുമ്പോൾ എന്റെ കുടുംബാംഗവും സെയിൽസ്മാനും ഞാനുമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്. പൂജയുടെ ഭാഗമായി വാഹനം മുന്നോട്ട് എടുത്തപ്പോൾ അബദ്ധത്തിൽ ആക്സിലേറ്റർ ചവിട്ടുകയായിരുന്നു. പിന്നാലെ വാഹനം ഷോറൂമിന്റെ ഗ്ലാസ് ഡോർ തകർത്ത് തലകീഴായി മറിഞ്ഞ് താഴേക്ക് പതിച്ചു. ഞങ്ങളതിന്റെ മുൻവശത്തെ ഡോറിലൂടെ പുറത്തിറങ്ങി. ആർക്കും ഒന്നും പറ്റിയിട്ടില്ല. ഞാൻ മരിച്ചിട്ടില്ല. ജീവനോടെ തന്നെയുണ്ട്. ദയവായി ഈ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം''-എന്നാണ് മാനി വിഡിയോയിൽ പറയുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാിരുന്നു സംഭവം. 27 ലക്ഷം രൂപയുടെ പുതിയ ഥാർ റോക്സ് ഏറ്റുവാങ്ങാനാണ് മാനിയും കുടുംബവും മഹീന്ദ്രയുടെ ഷോറൂമിൽ എത്തിയത്. വാഹനം പുറത്തിറക്കുന്നതിന് മുമ്പ് പൂജ നടത്താനായിരുന്നു അവരുടെ തീരുമാനം. ചക്രത്തിനടിയിൽ നാരങ്ങ വെച്ച് വാഹനം സ്റ്റാർട്ടാക്കിയപ്പോഴാണ് അബദ്ധത്തിൽ ആക്സിലേറ്റർ ചവിട്ട് വാഹനം മുന്നോട്ടുകുതിച്ചത്. വാഹനം റോഡിൽ തലകീഴായി മറിഞ്ഞുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

