രണ്ടു കോടിയുടെ വ്യാജ മരുന്ന് പിടിച്ചെടുത്തതോടെ ഡൽഹിയിൽ വ്യാപക റെയ്ഡ്; 204 സാമ്പിളുകൾ പരിശോധനക്കെടുത്തു
text_fieldsന്യൂഡൽഹി: വ്യാജ മരുന്നുകളും വിഷാംശമുള്ളതുമായ രണ്ടു കോടിയുടെ മരുന്നുകൾ ഡൽഹിയിലെ ഒരു ഡീലറിൽ നിന്ന് പൊലീസ് റെയ്ഡിൽ പിടിച്ചെടുത്തതോടെ ഡൽഹിയിൽ വ്യാപക റെയ്ഡ്. നിരവധി ഡീലർമാരിൽ നിന്ന് വൻതോതിൽ കഫ് സിറപ്പുകൾ, ബ്ലഡ്പ്രഷർ, അലർജി, ഡയബറ്റിക് മരുന്നുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഉത്തരേന്ത്യയിൽ മുഴുവനായി വിതരണം ചെയ്യുന്ന മരുന്നു ഡീലർമാരിൽ നിന്നാണ് 204 ഇനം മരുന്നുകളുടെ സാമ്പിളുകൾ പിടിച്ചെടുത്തത്.
വ്യാജമരുന്നുകൾ കണ്ടെത്തിയ ഭാഗിരത് പാലസ് ഏരിയയിലെ 27 മൊത്തവിതണക്കാരിൽ നിന്നാണ് മരുന്നുകൾ പിടിച്ചെടുത്തത്. തലസ്ഥാനത്തെ അനധികൃത മരുന്ന് വ്യാപാരത്തിനെതിരായ ഡ്രഗ് കൺട്രോൾ ഡിപാർട്മെന്റിന്റെ റെയ്ഡാണ് നടന്നത്. ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു വിതരണകേന്ദ്രം അടച്ചുപൂട്ടി.
ടെൽമിസാർട്ടൻ, സിട്രസിൻ, പാരസെറ്റമോൾ, മെറ്റ്ഫോമിൻ തുടങ്ങി സാധാരണയായി ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളുടെ സാമ്പിളുകളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരു വർഷം മാത്രം നിരവധി റെയ്ഡുകളാണ് ഡൽഹിയിൽ ഡ്രഗ് കൺട്രോൾ വകുപ്പ് നടത്തിയിട്ടുള്ളത്. ഇതിൽ വ്യാജ മരുന്ന് വിറ്റതിന് 9 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ശനിയാഴ്ച മാത്രം മരുന്ന് നിയമത്തിന്റെ ലംഘനം നടത്തിയ 10 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ഡ്രഗ്സ് ആന്റ്കോസ്മെറ്റിക്സ് നിയമപ്രകാരം ഇവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.
ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ മരുന്ന് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി എത്തിക്കുക എന്ന കാര്യത്തിൽ ഗവൺമെന്റ് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് സംസ്ഥാന ഗവൺമെന്റിന്റെ ഡ്രഗ്സ് കൺട്രോൾ വിഭാഗം വാർത്താകുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

