സർക്കാർ ഉദ്യോഗസ്ഥന്‍റെയും വില്ലേജ് സർപാഞ്ചിന്‍റെയും മകൻ ബീഹാറിലെ കൊടും കുറ്റവാളിയായതെങ്ങനെ? ഡൽഹിയിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട 25 കാരന്‍റെ കഥ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വെള്ളിയാഴ്ച പൊലീസ് വെടി വെപ്പിൽ കൊല്ലപ്പെട്ട ഗുണ്ടകളിലൊരാളായ രഞ്ജൻ പതക്കിന്‍റെ ജീവിതം സിനിമകളിലെ വില്ലൻമാരെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു. ബിഹാർ സ്വദേശിയായ ഈ 25 കാരൻ സിഗ്മ ആന്‍റ് കമ്പനി എന്ന കൊലപാതകവും പിടിച്ചുപറിയും ഒക്കെ നടത്തുന്ന ഗുണ്ടാ സംഘത്തിന്‍റെ തലവനായ കഥ ഇങ്ങനെയാണ്. സർക്കാർ ഉദ്യോഗസ്ഥൻ മനോജ് പതക്കിന്‍റെയും വില്ലേജ് സർപാഞ്ച് വിമലാ ദേവിയുടെയും മൂത്ത മകനായി ജനിച്ച രഞ്ജന് കുട്ടിക്കാലത്ത് ഒന്നിനും യാതൊരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒരു സഹോദരനും അഞ്ച് സഹോദരിമാരുമാണ് രഞ്ജനുള്ളത്.
പഠനത്തിൽ വലിയ തൽപ്പരനല്ലായിരുന്ന രഞ്ജന് അക്രമവും ജാതീയതയും കൊടി കുത്തി വാഴുന്ന പ്രാദേശിക രാഷ്ട്രീയത്തിലായിരുന്നു താൽപ്പര്യം. പന്ത്രണ്ടാം ക്ലാസ് തോറ്റതോടെ അയാൾ പ്രദേശത്തെ പ്രബല വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങി. 2019ലുണ്ടായ ഒരു സംഭവമാണ് ഇയാളുടെ ജീവിത്തിൽ വലിയ വഴിത്തിരിവാകുന്നത്.
തന്‍റെ ബന്ധുവായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ സുഹൃത്തിനൊപ്പം ചേർന്നd രഞ്ജൻ കൊന്നു കളഞ്ഞു. കൊലപാതക ശേഷം അയാൾ ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് പിടി കൂടി. 2024 വരെ ഈ കേസിൽ രഞ്ജൻ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു.
2024ൽ പുറത്തിറങ്ങിയ രഞ്ജൻ അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചതിന് വീണ്ടും ജയിലിലായി. നവംബർ 19 വരെ ജയിൽ ശിക്ഷ അനുഭവിച്ചു. 2025ൽ ജയിലിൽ നിന്നിറങ്ങിയ ഇയാൾ സിതാമർബിയിലുള്ള ശശി കപൂർ എന്ന കുപ്രസിദ്ധ ഗുണ്ടയുമായി ചേർന്ന് സിഗ്മ ആന്‍റ് കമ്പനി എന്ന ഗുണ്ടാ സംഘത്തിന് രൂപം നൽകി. രഞ്ജന് മദ്യകച്ചവടത്തിനുൾപ്പെടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സർപാഞ്ചിന്‍റെ പിന്തുണ ലഭിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതാണ് മറ്റൊരു മദ്യ വ്യാപാരിയായ ആദിത്യ താക്കൂറുമായുള്ള തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.
താക്കൂറിന്‍റെ കൊലപാതകത്തോടെ കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറി. ആഗസ്റ്റ് 26ന് മദൻ കുമാർ കുശ്വാലയെയും സെപ്റ്റംബർ21ന് സി.എസ്.പി ഓപ്പറേറ്റർ ശ്രാവൺ യാദവിന്‍റെയും കൊലപാതകത്തിലേക്ക് വഴി വെച്ചു. പിന്നീട് 45 ലക്ഷം രൂപ നൽകിയില്ലെങ്കിൽ പ്രാദേശിക വ്യവസായി അമർജീത് കൗറിനെ കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

