വാളെടുത്തെത്തിയ ‘നിഹാങ്കു’കൾ ആരാണ്? സമരക്കാർക്ക് സംരക്ഷണമൊരുക്കിയ സിഖ് പോരാളികളെ അറിയാം
text_fieldsനിഹാങ്ക് സിഖ്
രാജ്യത്ത് പടർന്നുപിടിക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ വാർത്തകൾക്കിടയിൽ ശ്രദ്ധേയമായ ഒന്നായിരുന്നു സമരവേദിയിലേക്കുള്ള ‘നിഹാങ്ക് സിഖു’കളുടെ ആഗമനം. വാളെടുത്ത് പ്രത്യേക വേഷത്തിൽ ഡൽഹിയിലെ സമരവേദിയിലെത്തിയ സംഘം അതിവേഗം മാധ്യമ തലക്കെട്ടുകളിൽ ഇടംപിടിച്ചു.
ആരാണ് നിഹാങ്കുകൾ?
സമരരംഗത്തുള്ളവർക്ക് സംരക്ഷണം നൽകാനെത്തിയ ഈ സംഘം സിഖ് സമൂഹത്തിൽ സവിശേഷമായ ചരിത്രമുള്ള വിഭാഗമാണ്. പരമ്പരഗതമായി നിഹാങ്ക് സിഖുകൾ സിഖ് മതത്തിലെ പോരാളി വിഭാഗമാണ്. സിഖ് മതത്തിന്റെ പത്താമത്തെ ഗുരുവായ ഗുരു ഗോബിന്ദ് സിങ് 1699ൽ പോരാളി വിഭാഗമായ ‘ഖൽസ’ രൂപീകരിച്ചതോടെയാണ് ഈ പാരമ്പര്യത്തിന് കൂടുതൽ ശക്തമായ അടിത്തറ ലഭിച്ചത്. ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിൽ സിഖ് സമൂഹത്തിനെതിരായ കയ്യേറ്റങ്ങളെ ചെറുക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നതിൽ നിഹാങ്ക് സിഖുകൾ നിർണായക പങ്കുവഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവരെ സിഖ് മതത്തിന്റെ ചരിത്രത്തിലെ ധീര യോദ്ധാക്കളായി കണക്കാക്കപ്പെടുന്നു.
നിഹാങ്കുകളുടെ പ്രത്യേകതകൾ?
നിഹാങ്ക് സിഖുകളെ എളുപ്പത്തിൽ തിരിച്ചറിയാൻ ചില പ്രത്യേകതകളുണ്ട്. പ്രധാനമായും കടുംനീല നിറത്തിലുള്ള വസ്ത്രധാരണം, ഉയരമുള്ള നീല തലപ്പാവ്, വാൾ(കിർപാൻ), കുന്തം, ചക്രം തുടങ്ങിയ പരമ്പരാഗത ആയുധങ്ങൾ കൈവശം വഹിക്കുന്നത് എന്നിവ ഇവരുടെ പ്രത്യേകതയാണ്. കുതിരസവാരിയിലും സിഖ് ആയോധനകലകളായ ഗട്കയിലും ഇവർക്ക് പ്രാവീണ്യമുണ്ടായിരിക്കും. അതോടൊപ്പം കർശനമായ മതപരവും പോരാളി ജീവിതശൈലിയും പിന്തുടരുയകും ചെയ്യുന്നവരാണിവർ. ഇവരുടെ ആയുധധാരണം മതപരവും ചരിത്രപരവുമായ പാരമ്പര്യത്തിന്റെ ഭാഗമായാണ് സിഖ് സമൂഹം കാണുന്നത്.
നിഹാങ്കുകൾ കൊണ്ടുനടക്കുന്ന വാൾ സാധാരണയായി കിർപാൻ എന്നാണറിയപ്പെടുന്നത്. സിഖ് മതവിശ്വാസത്തിന്റെ ഭാഗമായി കിർപാൻ ധരിക്കുന്നത് ഇന്ത്യയുടെ ഭരണഘടനയിലെ അനുച്ഛേദം 25 പ്രകാരം അനുവദനീയമാണ്.
പുതിയ കാലത്തെ അവരുടെ ഇടപെടലുകൾ?
ഇന്ന് നിഹാങ്ക് സിഖുകൾ വലിയൊരു സംഘടിത പ്രസ്ഥാനമല്ല. ബുഢാ ദൾ, തരുണ ദൾ തുടങ്ങിയ വിവിധ സ്വതന്ത്ര കൂട്ടായ്മകളായാണ് അവർ പ്രവർത്തിക്കുന്നത്. ഗുരുദ്വാരകളിലും മതപരമായ ചടങ്ങുകളിലും സേവനം, ഹോളാ മൊഹല്ല പോലുള്ള സിഖ് ആഘോഷങ്ങളിൽ പങ്കാളിത്തം, സിഖ് ആയോധനകലകളുടെ സംരക്ഷണം, തീർഥാടനങ്ങളിലും മതപരമായ സേവനങ്ങളിലും സജീവ പങ്കാളിത്തം, പ്രതിഷേധങ്ങളിൽ പങ്കാളിത്തം എന്നിവയിലൂടെയാണിവർ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
സമീപ കാലത്തായി സിഖ് സമൂഹത്തിന്റെ അവകാശങ്ങൾ, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. 2022ൽ ഡൽഹി അതിർത്തിയിൽ നടന്ന കർഷക സമരത്തിനിടെ നിരവധി നിഹാങ്ക് സിഖുകൾ സമരവേദികളിൽ സജീവമായിരുന്നു. സമരക്കാർക്കായി സൗജന്യ ഭക്ഷണവിതരണം സംഘടിപ്പിക്കുന്നതിലും സുരക്ഷാ ചുമതലകളിലും അവർ പങ്കെടുത്തിരുന്നു.
മാസങ്ങൾക്ക് മുമ്പ് ഉത്തരാഖണ്ഡിൽ നാല് നിഹാങ്ക് തീർഥാടകരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നൂറുകണക്കിന് നിഹാങ്ക് സിഖുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷസാഹചര്യം രൂപപ്പെട്ടെങ്കിലും പിന്നീട് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള സിഖ് പോരാളി പാരമ്പര്യത്തിന്റെ ജീവസ്സുറ്റ പ്രതീകങ്ങളാണ് നിഹാങ്ക് സിഖുകൾ എന്നു പറയാനാകും. മതവിശ്വാസം, ആയോധന പാരമ്പര്യം, സാമൂഹിക സേവനം എന്നിവയുടെ സമന്വയമാണ് അവരുടെ ജീവിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

