Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവന് ഭീഷണി, പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടേക്കാം; ലേ ആക്രമണത്തിൽ അമിത് ഷാ രാജിവെക്കണമെന്നും സോനം വാങ്ചുക്

text_fields
bookmark_border
https://www.madhyamam.com/tags/sonam-wangchuk
cancel
camera_alt

അമിത് ഷാ, സോനം വാങ്ചുക്

ജമ്മു: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും ഒരുപക്ഷേ, സർക്കാറിനെതിരെ സംസാരിച്ചതിന് പൊലീസ് ഏറ്റുമുട്ടലിൽ താൻ കൊല്ലപ്പെട്ടേക്കാമെന്നും പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്. രാഷ്ട്രത്തെ ഉണർത്താൻ ഉതകുമെങ്കിൽ ഏതു ത്യാഗവും നേരിടാൻ താൻ തയാറാണ്. കഴിഞ്ഞ വർഷം ലേയിലുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന പദവിയും ആറാംപട്ടിക പ്രകാരമുള്ള സുരക്ഷയും ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സെപ്റ്റംബർ 24 ന് നടന്ന പ്രതിഷേധത്തിനിടയിലുണ്ടായ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവർ എന്നെ ജയിലിലടച്ചു. ഇപ്പോൾ എവിടെയെങ്കിലും വെച്ച് എന്നെ ഏറ്റുമുട്ടലിൽ വധിക്കാനുള്ള സാധ്യത പോലുമുണ്ട്. നിങ്ങളെ എൻകൗണ്ടർ ചെയ്യും എന്ന് ആളുകൾ എന്നോട് പറയുന്നുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് സംഭവിക്കട്ടെ. അതുവഴിയെങ്കിലും രാജ്യം ഉണരട്ടെ’ -വാങ്ചുക് പറഞ്ഞു.

ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോർട്ട് പുറത്തുവിട്ടില്ലെങ്കിൽ പൊലീസ് വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്രമായ ജനകീയ ട്രൈബ്യൂണൽ രൂപവത്കരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷത്തെ പ്രക്ഷോഭത്തിനിടയിലുണ്ടായ മരണങ്ങൾക്ക് ആഭ്യന്തര മന്ത്രിയാണ് രാഷ്ട്രീയമായി ഉത്തരവാദി. സംഭവത്തിന് ഉത്തരവാദികളാരെന്ന് ഇനിയും കണ്ടെത്തണം. ലേയിലെ യുവാക്കൾക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർ എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങൾ പ്രയോഗിച്ചുവെന്നും പിന്നീട് അവരെ ദേശവിരുദ്ധരായി ചിത്രീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂഡൽഹിയിലെ ജന്തർമന്തറിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച വാങ്ചുക്, എന്നാൽ ലഡാക്കിന്റെ കാര്യത്തിൽ രാഹുൽ മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്തു.

സെപ്റ്റംബർ 24 ലെ ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ലേയിലും ലഡാക്കിന്റെ മറ്റ് ഭാഗങ്ങളിലും ഹർത്താൽ ആചരിച്ചു. ലേയിലും കാർഗിലിലും കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. റോഡുകളിൽ വാഹനത്തിരക്ക് കുറവായിരുന്നു. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു.

വ്യാഴാഴ്ച നടന്ന അനുസ്മരണച്ചടങ്ങിൽ ജനങ്ങളുടെ പങ്കാളിത്തം താരതമ്യേന കുറയാൻ കാരണം കനത്ത സുരക്ഷാ വിന്യാസവും നിയന്ത്രണങ്ങളുമാണെന്ന് വാങ്ചുക് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story