മോദിക്കും രാഹുലിനും പിറകെ തമിഴ്നാട് മുഖ്യമന്ത്രി; ദേശീയ രാഷ്ട്രീയത്തിൽ വിജയ് യുടെ ജനപ്രീതി വർധിക്കുന്നുവെന്ന് സർവേ ഫലം
text_fieldsഅടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരൊക്കെ പരിഗണിക്കപ്പെടണമെന്ന സർവേയിൽ മൂന്നാം സ്ഥാനത്തെത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കും തൊട്ടുപിറകെയാണ് വിജയ് സ്ഥാനംപിടിച്ചത്. 2029ൽ പ്രധാനമന്ത്രി പദത്തിന് അർഹൻ ആരാണെന്ന തരത്തിൽ ഇന്ത്യ ടുഡേ നടത്തിയ സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സർവേയിൽ 48.7 ശതമാനം പിന്തുണയോടെ നരേന്ദ്ര മോദിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 27.1 ശതമാനം പോൾ നേടി രാഹുൽ ഗാന്ധി തൊട്ടുപിന്നിലുണ്ട്. 9.2 ശതമാനം വോട്ടുകളാണ് വിജയ്ക്ക് ലഭിച്ചത്. രാഷ്ട്രീയപ്രവേശം നടത്തി മൂന്ന് മാസം കൊണ്ട് വിജയ് വലിയ ജനപ്രീതി കരസ്ഥമാക്കിയെന്ന് സർവേ ഫലം വെളിപ്പെടുത്തുന്നു.
തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയും, വോട്ടുകളോടെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമാണ് യഥാക്രമം നാലും അഞ്ചും നിലകളിലുള്ളത്. കോക്രോച്ച് ജനതാ പാർട്ടി മുന്നേറ്റത്തിലൂടെ ദേശീയ തലത്തിൽ പിന്തുണ നേടിയ യുവനേതാവ് അഭിജിത് ദീപകെയും (1.3%) ഈ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. എന്നാൽ അതിനും പിന്നാലെയാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ എന്നാണ് സർവേ ഫലം.
രാഷ്ട്രീയ രംഗത്ത് പുതിയ ചുവടുവെപ്പുകൾ നടത്തുന്ന വിജയ് വരാനിരിക്കുന്ന ദേശീയ രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറുമെന്നാണ് ടി.വി.കെ നേതാക്കളുടെ വിലയിരുത്തൽ. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴ്‌നാട്ടിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്നുവരുന്ന ശക്തമായ നേതൃത്വമായാണ് വിജയിനെ പാർട്ടി നേതാക്കൾ വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

