‘ഇന്ന് വെനസ്വേലക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങളിലേക്കും’; അമേരിക്ക തെമ്മാടി രാഷ്ട്രമായി പെരുമാറുന്നുവെന്ന് എം.എ. ബേബി
text_fieldsതിരുവനന്തപുരം: വെനസ്വേലക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം നഗ്നമായ സാമ്രാജ്യത്വ അധിനിവേശമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. അമേരിക്ക തെമ്മാടി രാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ന് വെനസ്വേലക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെ നടക്കാം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ആക്രമണം. ഇത്തരം കടന്നാക്രമണങ്ങൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയരണം. ലോകത്തിന് ഭീഷണിയായ ഒന്നാമത്തെ രാജ്യം ട്രംപിന്റെ കീഴിലുള്ള അമേരിക്കൻ ഭരണ സംവിധാനമാണ്.
അമേരിക്കൻ ആധിപത്യത്തിന് കീഴടങ്ങാതെ നിലകൊള്ളുന്ന രാജ്യമാണ് വെനസ്വേല. അമേരിക്കയുടെ ആക്രമണത്തെ അപലപിക്കാൻ ഇതുവരെ ഇന്ത്യ തയാറായിട്ടില്ല. അത് ഇന്ത്യയെ സംബന്ധിച്ച് അപമാനകരമാണ്. സാമ്രാജ്യത്വത്തിനെതിരായ നിലപാടാണ് സ്വാതന്ത്ര്യസമരകാലം മുതൽ ഇന്ത്യ സ്വീകരിക്കുന്നത്. നിലപാടുയർത്തിപ്പിടിച്ച് വെനസ്വേലയോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെനസ്വേലക്കെതിരായ അമേരിക്കൻ കടന്നാക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉയരണം -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വേലക്ക് നേരെയുള്ള അമേരിക്കൻ കടന്നാക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യു.എസ് സേന ബന്ദികളാക്കിയതായാണ് റിപ്പോർട്ട്.
മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നുകയറുന്ന അമേരിക്കൻ നിലപാട് ലോകത്തിന് ഭീഷണിയാണ്. കാടത്തം നിറഞ്ഞ സമീപനമാണിത്. ഹ്യൂഗോ ഷാവേസ് വെനസ്വേലയുടെ പ്രസിഡന്റായപ്പോൾ എണ്ണക്കമ്പനികളെ ദേശസാൽകരിച്ചതുമുതൽ ഒളിഞ്ഞും തെളിഞ്ഞും അമേരിക്ക ആ രാജ്യത്തെ ആക്രമിക്കുന്നുണ്ട്. 2002ൽ ഷാവേസിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഷാവേസിന്റെ കാലശേഷം വെനസ്വേലയെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാമെന്നും എണ്ണ സമ്പത്ത് കൈക്കലാക്കാമെന്നുമായിരുന്നു അമേരിക്കയുടെ മോഹം. അതിന് തടയിട്ട പ്രസിഡന്റ് മദുറോയേയും അട്ടിമറിക്കാൻ ശ്രമമുണ്ടായി. 2014 മുതൽ വെനസ്വേലക്കുനേരെ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.
അട്ടിമറി നീക്കങ്ങളും സാമ്പത്തിക ഉപരോധങ്ങളും നേരിട്ട്, അമേരിക്കൻ തിട്ടൂരങ്ങൾക്ക് വഴങ്ങാതെ പിടിച്ചുനിന്ന വെനസ്വേലയുടെ നിശ്ചയദാർഢ്യം ലോകമെങ്ങുമുള്ള ജനാധിപത്യ പോരാളികൾക്ക് ആവേശം പകരുന്നതാണ്-അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

