ലോകത്ത് മലിനീകരണത്തിൽ ഇന്ത്യ ആറാമത്; കൂടുതൽ മലിനം യു.പിയിൽ
text_fieldsന്യൂഡൽഹി: വായു മലിനീകരണത്തിന്റെ തോത് കണക്കാക്കുന്ന സൂക്ഷ്മ കണികകളുടെ സാന്നിധ്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്ത് ഏറ്റവും മലിനീകരണമുള്ള രാജ്യങ്ങളിൽ ഇന്ത്യ ആറാമത്. യു.പിയിലെ ലോനി ലോകത്തെ ഏറ്റവും മലിനമായ നഗരമാണെന്നും 2025 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സൂക്ഷ്മ കണികകളുടെ (പി.എം 2.5) സാന്നിധ്യം വിലയിരുത്തി സ്വിറ്റ്സർലൻഡിലെ വായു ഗുണനിലവാര സാങ്കേതിക കമ്പനിയായ ഐ.ക്യു എയർ ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ആഗോളാടിസ്ഥാനത്തിൽ മലിനീകരണമുള്ള നഗരങ്ങളിൽ ഡൽഹി നാലാമതുമാണ്. 143 രാജ്യങ്ങളിലും മേഖലകളിലും 9,446 നഗരങ്ങളിലുമായി നടത്തിയ വിശകലനത്തിലാണ് ഇന്ത്യയുടെയും രാജ്യത്തെ വിവിധ നഗരങ്ങളിലെയും ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയത്.
പാകിസ്താൻ ആണ് ലോകത്ത് ഏറ്റവും മലിനമായ രാജ്യം. തുടർന്ന് ബംഗ്ലാദേശ്, തജികിസ്താൻ, ഛാദ്, കോംഗോ എന്നിവയും. ഏറ്റവും മലിനമായ പത്ത് നഗരങ്ങളിൽ അഞ്ചെണ്ണം ഇന്ത്യയിൽ നിന്നാണ്. ലോനി, ഭൈർണിഹാട്, ഡൽഹി, ഗാസിയാബാദ്, ഉല എന്നിവയാണത്. ലോകത്ത് ഏറ്റവും മലിനമായ 25 നഗരങ്ങൾ ഇന്ത്യ, പാകിസ്താൻ, ചൈന എന്നിവിടങ്ങളിലാണ്. ഇതിൽ നാലിൽ മൂന്നും ഇന്ത്യയിലാണ്.
യു.പിയിലെ ലോനി നഗരത്തിലെ മലിനീകരണ തോത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധിച്ചു. ലോകാരോഗ്യ സംഘടന നിർദേശിച്ച നിലവാരത്തിന്റെ 22 ഇരട്ടിയിലേറെയാണ് മലിനീകരണമെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

