പ്രചാരണ റാലി മുതൽ സീറ്റ് ചർച്ച വരെ; യു.പി തെരഞ്ഞെടുപ്പ് ചൂടിലേക്ക്
text_fieldsആഗ്രയിലെ എത്മാദ്പൂരിൽ നടന്ന ബി.എസ്.പി തെരഞ്ഞെടുപ്പ് റാലി
ലഖ്നോ: 2027ലെ നിയമസഭ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നേരത്തേ ഉണർന്ന് ഉത്തർ പ്രദേശ്. തുടർച്ചയായി 10 വർഷം സംസ്ഥാനം ഭരിച്ച ബി.ജെ.പി ഭരണനേട്ടങ്ങളുയർത്തി ഹാട്രിക് വിജയത്തിന് കച്ചമുറുക്കുമ്പോൾ, ഭരണപക്ഷത്തിന്റെ വീഴ്ചകളും അഴിമതിയും ഉയർത്തിക്കാട്ടി ഇൻഡ്യ മുന്നണിയെ കൂടുതൽ ശക്തമാക്കി ഭരണം തിരിച്ചുപിടിക്കാൻ സമാജ്‍വാദി പാർട്ടിയും രംഗത്തിറങ്ങി.
2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാവും തെരഞ്ഞെടുപ്പെന്നാണ് പ്രതീക്ഷ. വോട്ടർപട്ടിക പുതുക്കൽ നടപടി പൂർത്തിയാക്കി, ജനുവരി നാലിന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ കേന്ദ്ര കമീഷൻ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കും.
എന്നാൽ, അതിനും മാസങ്ങൾക്കു മുമ്പു തന്നെ മുന്നണികളും പാർട്ടികളും തെരഞ്ഞെടുപ്പിനുള്ള നിലമൊരുക്കി തുടങ്ങി. പ്രചാരണ പ്രവർത്തനങ്ങൾക്കും താഴെതട്ടിലെ തയാറെടുപ്പിനുമായി വൻതോതിൽ പണമൊഴുക്കി ബി.ജെ.പി നേരത്തേതന്നെ നീക്കങ്ങൾ ആരംഭിച്ചു.
അതേസമയം, യോഗി ആദിത്യനാഥ് സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം വോട്ടാക്കി അധികാരം വീണ്ടെടുക്കാനുള്ള നീക്കങ്ങളുമായി അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ എസ്.പിയും ഇൻഡ്യ മുന്നണിയും കളത്തിലിറങ്ങിക്കഴിഞ്ഞു. അയോധ്യയിലെ സംഭാവന കൊള്ള, ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം, വികസന മുരടിപ്പ് എന്നിവ ഉയർത്തിക്കാട്ടിയാണ് എസ്.പിയുടെ പ്രചാരണം.
നിലവിലെ അസംബ്ലിയിൽ എൻ.ഡി.എക്ക് 258 സീറ്റും ഇൻഡ്യ മുന്നണിക്ക് 101 സീറ്റുമാണുള്ളത്. എന്നാൽ, 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിനായിരുന്നു മുൻതൂക്കം. 224 സീറ്റുകൾ എസ്.പി-കോൺഗ്രസ് മുന്നണിക്കൊപ്പം നിന്നു. ബി.ജെ.പിക്ക് 174 സീറ്റുകളേ ലഭിച്ചുള്ളൂ. ഈ ആത്മവിശ്വാസവുമായി ഏറെ ആസൂത്രിതമായാണ് എസ്.പിയുടെ പ്രവർത്തനങ്ങൾ. മുഖ്യമന്ത്രിയുടെ തട്ടകമായ ഗൊരഖ്പൂർ ഉൾപ്പെടെ ബി.ജെ.പി ശക്തികേന്ദ്രങ്ങളിലൂടെ ദലിത്, പിന്നാക്ക,ന്യൂനപക്ഷ വിഭാഗങ്ങളെ ഒന്നിപ്പിച്ചുകൊണ്ടുള്ള ‘ പി.ഡി.എ രഥയാത്രക്ക് അഖിലേഷ് യാദവ് തുടക്കം കുറിച്ചു. വൻ ജനപങ്കാളിത്തവുമായി പൂർവാഞ്ചലിലെ വിവിധ മേഖലകളിൽ റോഡ് ഷോയും ആരംഭിച്ചു. ഭരണഘടനാ ദിനമായ നവംബർ 26ന് ജൻ മൻ പ്രകടന പത്രികയും പുറത്തിറക്കി പ്രചാരണത്തിൽ ബഹുദൂരം മുന്നേറാനുള്ള ശ്രമത്തിലാണ് എസ്.പി. ഇൻഡ്യ മുന്നണിയിലെ സീറ്റു വിഭജന ചർച്ചകൾക്കായി എസ്.പിയുടെ നാലംഗ സമിതിക്ക് ഞായറാഴ്ച രൂപം നൽകി. ദേശീയ ജനറൽ സെക്രട്ടറി രാംഗോപാൽ യാദവ്, സംസ്ഥാന പ്രസിഡന്റ് ശ്യാം ലാൽ പാൽ, എം.പിമാരായ രാജീവ് റായ്, ഇഖ്റ ചൗധരി എന്നിവരടങ്ങിയ സമിതിയാണ് സീറ്റ് ചർച്ചകൾ നയിക്കുന്നത്.
ഇൻഡ്യ മുന്നണിയിലെ പ്രബലരായ കോൺഗ്രസും സീറ്റ് ചർച്ചകൾക്ക് തുടക്കം കുറിച്ചു. ഇത്തവണ 181 സീറ്റുകൾക്കാണ് കോൺഗ്രസ് ആവശ്യമുന്നയിച്ചത്. 2022ൽ ഒറ്റക്ക് മത്സരിച്ച കോൺഗ്രസ് 399 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയിരുന്നു. എന്നാൽ, രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 2017ൽ എസ്.പിക്കൊപ്പം സഖ്യത്തിൽ 114 സീറ്റിലായിരുന്നു മത്സരിച്ചത്. ഇത്തവണ കൂടുതൽ ആവശ്യമുന്നയിച്ച്, 125 സീറ്റെങ്കിലും സ്വന്തമാക്കാനാണ് കോൺഗ്രസ് നീക്കം.
മുൻ ഭരണകക്ഷിയായ ബി.എസ്.പി തെരഞ്ഞെടുപ്പ് കളത്തിൽ എതിരാളികളേക്കാൾ ഒരുപടി മുമ്പേ കളി തുടങ്ങി. സഖ്യമില്ലാതെ 403 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനകംതന്നെ 23 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ദേശീയ കോഓഡിനേറ്റർ ആകാശ് ആനന്ദാണ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നത്.
അതേസമയം, പ്രതിപക്ഷത്തിന് വലിയ ഭീഷണിയാണ് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും ചന്ദ്രശേഖർ ആസാദും ചേർന്ന് രൂപവത്കരിച്ച സാമാജിക് പരിവർത്തൻ മോർച്ചയുടെ സാന്നിധ്യം. ദലിത്, മുസ്‍ലിം വോട്ടുകൾ ലക്ഷ്യമിട്ട് 403 സീറ്റുകളിലും മത്സരിക്കാനുള്ള തീരുമാനം എസ്.പി-കോൺഗ്രസ് വോട്ടുകളെ ഭിന്നിപ്പിക്കുമെന്ന ആശങ്കയും മുന്നണിയിലുണ്ട്.
പത്തു വർഷത്തെ ഭരണനേട്ടങ്ങളും, നിയമവാഴ്ചയും ഉയർത്തിക്കാട്ടിയും, ഒപ്പം ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണവും ലക്ഷ്യമിട്ടാണ് ബി.ജെ.പി പ്രചാരണം. അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

