‘ഞങ്ങളെ വില കുറച്ചുകണ്ടു, സഖ്യത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും,’ ബിഹാർ എൻ.ഡി.എ സീറ്റുവിഭജനത്തിൽ അതൃപ്തിയുമായി ജിതൻ റാം മാഞ്ചി
text_fieldsന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആവശ്യപ്പെട്ടത്ര സീറ്റ് ലഭിക്കാത്തതിൽ അതൃപ്തിയുമായി കേന്ദ്ര മന്ത്രി ജിതൻ റാം മാഞ്ചി. എൻ.ഡി.എയിൽ ദിവസങ്ങളോളം നടന്ന സീറ്റ് വിഭജന ചർച്ചകൾക്കിടെ 15 സീറ്റായിരുന്നു മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്യുലർ) ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ എൻ.ഡി.എ സീറ്റ് വിഭജനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ പാർട്ടിക്ക് ആറ് സീറ്റുകളാണ് ലഭിച്ചത്. എൻ.ഡി.എ തന്റെ പാർട്ടിയെ വിലകുറച്ചുകണ്ടുവെന്നും ഇത്തരം തീരുമാനങ്ങൾ സഖ്യത്തിന് ഗുണകരമായേക്കില്ലെന്നുമായിരുന്നു ജിതൻ റാം മാഞ്ചിയുടെ പ്രതികരണം.
‘നേതൃത്വത്തിന്റെ നിർദേശം ഞങ്ങൾ സ്വീകരിക്കും. പക്ഷേ, ആറുസീറ്റുകൾ മാത്രം നൽകിയതിലൂടെ അവർ ഞങ്ങളെ വില കുറച്ചുകണ്ടു. ഇത് സഖ്യത്തിൽ പ്രത്യഘാതങ്ങൾക്ക് കാരണമാവും,’-മാഞ്ചി പറഞ്ഞു.
പാർലമെന്റിൽ തങ്ങൾക്ക് ഒരുസീറ്റാണ് നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളാണ് നൽകിയിരിക്കുന്നത്. നേതൃത്വത്തിന്റെ നിലപാടിൽ പരാതിയില്ലെന്നും മാഞ്ചി പറഞ്ഞു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഇക്കുറി ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടിക്കും (റാം വിലാസ്) ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചക്കും (സെക്യുലർ) എൻ.ഡി.എ എത്ര സീറ്റുകൾ വീതം നൽകുമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയ തീരുമാനമായിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പിലെ സമ്പൂർണവിജയം ചൂണ്ടിക്കാട്ടി 40 സീറ്റുകളായിരുന്നു ചിരാഗിന്റെ ആവശ്യം. അതേസമയം, സഖ്യത്തിൽ മാന്യമായ സ്ഥാനം ചൂണ്ടി 15 സീറ്റുകളാണ് മാഞ്ചി ആവശ്യമുന്നയിച്ചത്.
എന്നാൽ, സീറ്റുവിഭജനം പൂർത്തിയായപ്പോൾ ചിരാഗ് പാസ്വാന്റെ ലോക് ജൻ ശക്തി പാർട്ടിക്ക് 29 സീറ്റും, രാഷ്ട്രീയ ലോക് മോർച്ച ആറും മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാനി അവാം പാർട്ടി ആറും സീറ്റുമാണ് ലഭിച്ചത്. ജെ.ഡി.യുവും ബി.ജെ.പിയും തുല്യ സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനം. 243 നിയമസഭ സീറ്റുകളിൽ ബി.ജെ.പിയും ജെ.ഡി.യുവും 101 എണ്ണത്തിൽ മത്സരിക്കാനാണ് ധാരണയായത്. ബീഹാറിലെ ഭരണ സഖ്യത്തിൽ രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റത്തിന്റെ പ്രതിഫലനമാണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

